ബ്രേക്ക്ഫാസ്റ്റിൽ ഉപ്പുകൂടി ; മഹാരാഷ്ട്രയിൽ യുവാവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു
death

മുംബൈ : ബ്രേക്ക്ഫാസ്റ്റിൽ ഉപ്പുകൂടിയെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി 46കാരൻ. മഹാരാഷ്ട്രയിലെ ദഹിസാർ ഈസ്റ്റ് സ്വദേശിയായ നികേഷ് ഘാഗ് ആണ് ഭാര്യ നിർമല(40)യെ കൊന്നത്. ഇവരുടെ 12 വയസുള്ള മകൻ നോക്കിനിൽക്കെയായിരുന്നു ക്രൂരകൃത്യം.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. രാവിലെ പ്രാതൽ കഴിക്കാനായി നികേഷിന് ഭക്ഷണം വിളമ്പി കിടപ്പുമുറിയിൽ പോയതായിരുന്നു നിർമല. എന്നാൽ, ഭക്ഷണം കഴിക്കാനിരുന്ന് അധികം വൈകാതെ തന്നെ നികേഷും പിന്നാലെ മുറിയിലെത്തി. തുടർന്ന് ഭാര്യയെ മർദിക്കാൻ തുടങ്ങി. ശബ്ദംകേട്ട് ഓടിയെത്തിയ മകൻ ചിൻമയി അമ്മയെ വിടാൻ കേണപേക്ഷിച്ചെങ്കിലും നികേഷ് മർദനം തുടർന്നു. നിർമല പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.

ഒടുവിൽ നികേഷ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കി. ബോധരഹിതയായി നിലത്ത് വീണ നിർമലയുടെ മരണം ഉറപ്പാക്കാനായി കയർ കൊണ്ട് കഴുത്തു ഞെരിക്കുകയും ചെയ്തു. ചിൻമയി ഉടൻ അമ്മയെയും അമ്മാവനെയും വിളിച്ചുവരുത്തുകയായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ ഒളിവിൽ പോയിരുന്നു.

പിന്നീട് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇയാളെ താനെ കോടതിയിൽ ഹാരജാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ കംപ്യൂട്ടർ ഓപറേറ്ററാണ് നികേഷ് ഘാഗ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവരും തമ്മിൽ കുടുംബകലഹം നടക്കുന്നുണ്ടെന്ന് നിർമലയുടെ സഹോദരൻ പ്രഭാകർ ഗുരവ് പറഞ്ഞതായി നവഗഢ് പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ മിലിന്ദ് ദേശായ് പറഞ്ഞു. നിർമലയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഇദ്ദേഹം പറഞ്ഞു.

Share this story