'കാമുകിയോട് വേറെ വിവാഹം കഴിക്കാൻ കാമുകൻ പറയുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ല' : സുപ്രീംകോടതി

marrige1
ന്യൂഡൽഹി: കാമുകിയോട് വേറെ വിവാഹം കഴിക്കാൻ കാമുകൻ പറയുന്നത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് സുപ്രീംകോടതി. 'മാതാപിതാക്കളുടെ താൽപര്യ പ്രകാരം വിവാഹം കഴിക്കണമെന്ന്' കാമുകൻ കാമുകിയെ ഉപദേശിച്ചത് ആത്മഹത്യക്കുള്ള പ്രേരണയായി കണക്കാക്കാനാവില്ല. യുവാവിനെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണക്കുറ്റം റദ്ദാക്കണമെന്ന് കോടതി നിർദേശിച്ചു.

വേറെ വിവാഹം കഴിക്കണമെന്ന് കാമുകൻ ഉപദേശിച്ചതിനെ തുടർന്ന് പെൺകുട്ടി മാനസികമായി അസ്വസ്ഥയായിരുന്നു. കാമുകന് വീട്ടുകാർ വേറെ വധുവിനെ തേടുന്നുണ്ടെന്ന് അറിഞ്ഞ പെൺകുട്ടി ആത്മഹത്യ ചെയ്തു. തുടർന്ന്, പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കാമുകനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തകരുന്ന ബന്ധങ്ങളും തകരുന്ന ഹൃദയങ്ങളും ഇന്ന് നിത്യജീവിതത്തിന്‍റെ ഭാഗമാണെന്ന് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ബന്ധം അവസാനിപ്പിക്കുന്നതും, കാമുകിയോട് വേറെ വിവാഹം കഴിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നത് ആത്മഹത്യ ചെയ്യിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ ഐ.പി.സി 306 പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല. നേരിട്ടോ പരോക്ഷമായോ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന പ്രവൃത്തിയുണ്ടായാൽ മാത്രമേ പ്രേരണാക്കുറ്റം ചുമത്താനാകൂ -കോടതി വ്യക്തമാക്കി.

Tags