ചുംബിക്കുന്നതും തലോടുന്നതും അസ്വാഭാവിക കുറ്റമല്ല
bombayhighcourt

മുംബൈ : ചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതും ഐ.പി.സി 377ാം വകുപ്പില്‍ ഉള്‍പ്പെടുത്താവുന്ന അസ്വാഭാവിക കുറ്റകൃത്യമല്ലെന്ന് ബോംബെ ഹൈകോടതി.പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജഡ്ജി അനുജ പ്രഭുദേശായി ഈ നിരീക്ഷണം നടത്തിയത്. 14കാരനായ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എഫ്.ഐ.ആര്‍ അനുസരിച്ച്‌ വീട്ടില്‍ നിന്ന് പണം കാണാതായതോടെ പിതാവ് നടത്തിയ ​അന്വേഷണത്തിലാണ് കുട്ടി പീഡനത്തിന് ഇരയായത് വെളിപ്പെട്ടത്. മുബൈയില്‍ റീചാര്‍ജ് കട നടത്തുകയാണ് പ്രതി. കുട്ടി നിരന്തരം കടയില്‍ റീചാര്‍ജ് ചെയ്യാനെത്താറുണ്ട്. ഒരിക്കല്‍ പ്രതി ചുണ്ടില്‍ ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുകയും ചെയ്തുവെന്ന് കുട്ടി പിതാവിനെ അറിയിച്ചു. തുടര്‍ന്ന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.

കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗിക പീഡനം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. പ്രാഥമിക നിരീക്ഷണത്തില്‍ ഈ കേസില്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം ആരോപിക്കാനാകില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. 30,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.

Share this story