ജയിലിലാകുന്നതോടെ തുടർ പഠനത്തിനുള്ള അവകാശം ഇല്ലതാകുന്നില്ല : ബോംബെ ഹൈകോടതി
മുംബൈ : ജയിലിലാകുന്നതോടെ തുടർ പഠനത്തിനുള്ള അവകാശം ഇല്ലതാകുന്നില്ലെന്ന് ബോംബെ ഹൈകോടതി. നിയമ ബിരുദ പഠനത്തിന് യോഗ്യതാ പരീക്ഷ ജയിച്ചിട്ടും ജയിലിലായതിന്റെ പേരിൽ പ്രവേശനം നിഷേധിച്ചതിനെതിരെ ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന മഹേഷ് റാവുത്ത് നൽകിയ ഹരജിയിലാണ് പരാമർശം.
മഹേഷ് റാവുത്തിന് തുടർപഠനം അനുവദിച്ച ജസ്റ്റിസുമാരായ എ.എസ്. അധികാരി, നീല ഗോകലെ എന്നിവരുടെ ബെഞ്ചിന്റേതാണ് ശ്രദ്ധേയ പരാമർശം. ബോംബെ ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചെങ്കിലും എൻ.ഐ.എയുടെ അപ്പീലിനെ തുടർന്ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
ജയിലിൽ കഴിയുന്നതിനാൽ 75 ശതമാനം നിർബന്ധ ഹാജർ നേടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധാർഥ് കോളജും മുംബൈ സർവകലാശാലയും മഹേഷ് റാവുത്തിന് പ്രവേശനം നിഷേധിച്ചത്. മഹേഷ് റാവുത്ത് പൊതുപ്രവേശന പരീക്ഷക്ക് (സെറ്റ്) അനുമതി തേടിയപ്പോൾ ആരും എതിർത്തിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തടവിലായാൽ തുടർ പഠനാവകാശം ഇല്ലാതാകില്ലെന്ന് അടിവരയിട്ട കോടതി പ്രവേശന യോഗ്യത നേടിയിട്ടും അവസരം നിഷേധിക്കുന്നത് അയാളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും അഭിപ്രായപ്പെട്ടു. റാവുത്ത് ജയിലിലായതിനാൽ അദ്ദേഹത്തിനുപകരം കോളജിൽ രേഖകൾ സമർപ്പിക്കാൻ ബന്ധുക്കളെ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.