ഹിമാചല്‍ പ്രദേശില്‍ കാര്‍ നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ വെട്രി ദുരൈസാമിയുടെ മൃതദേഹം കണ്ടെത്തി

dead

ഹിമാചല്‍ പ്രദേശില്‍ കാര്‍ നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ വെട്രി ദുരൈസാമിയുടെ മൃതദേഹം കണ്ടെത്തി. സംഭവം നടന്ന് എട്ടാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. ചെന്നൈ മുന്‍ മേയര്‍ സെയ്‌ദെ ദുരൈസാമിയുടെ മകനാണ് വെട്രി. മകനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സെയ്‌ദെ ദുരൈസാമി ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
എട്ട് ദിവസം മുന്‍പ് നടന്ന അപകടത്തില്‍ ഡ്രൈവറും മരിച്ചിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് രണ്ടു കിലോമീറ്ററോളം മാറിയാണ് വെട്രിയുടെ മൃതദേഹം സ്‌കൂബ ഡൈവര്‍മാര്‍ കണ്ടെത്തിയത്. പാറയില്‍ തങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. അപകട സ്ഥലത്തെ പാറയില്‍നിന്നു ലഭിച്ച രക്തക്കറ ഉള്‍പ്പെടെ ശേഖരിച്ച് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയാറെടുക്കവേയാണ് വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്. വെട്രിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ സെയ്‌ദെ ദുരൈസാമി ഹിമാചലിലേക്കു പോകും.
കഴിഞ്ഞ ഞായറാഴ്ചയാണ് വെട്രിയും സുഹൃത്ത് ഗോപിനാഥും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് 200 മീറ്ററോളം താഴ്ചയില്‍ നദിയിലേക്കു വീണത്. ഗുരുതരമായി പരുക്കേറ്റ ഗോപിനാഥ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എന്നാല്‍ അപകടം നടന്ന സമയത്ത് വെട്രി ദുരൈസാമിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കനത്ത മൂടല്‍മഞ്ഞും കുറഞ്ഞ താപനിലയും തിരച്ചില്‍ ദുഷ്‌കരമാക്കിയതായി ഹിമാചല്‍ പ്രദേശ് പൊലീസ് അറിയിച്ചിരുന്നു. ഒരുപക്ഷേ പ്രദേശത്തെ ആദിവാസി വിഭാഗത്തില്‍പെട്ട ആളുകള്‍ മകനെ രക്ഷപ്പെടുത്തിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സെയ്‌ദെ ദുരൈസാമി കരുതിയിരുന്നെങ്കിലും എട്ടാം ദിവസം മൃതദേഹം കണ്ടെത്തിയത്തോടെ പ്രതീക്ഷ വിഫലമാവുകയായിരുന്നു.

Tags