തന്റെ അടുത്ത ബന്ധുവായ സുനേത്രയെ എതിർസ്ഥാനാർഥിയാക്കിയത് ശരദ് പവാറിനെ തറപറ്റിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചന : സുപ്രിയ സുലെ

google news
mkjih

പുണെ: തന്റെ അടുത്ത ബന്ധുവായ അജിത് പവാറിന്റെ ഭാര്യയെ എതിർസ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ശരദ് പവാറിനെ തറപറ്റിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ. ബരാമതി ലോക്സഭ സീറ്റിൽ നിന്നാണ് സുപ്രിയയും സുനേത്ര പവാറും മത്സരിക്കുന്നത്.

തന്റെ പോരാട്ടം കേവലം ഒരു വ്യക്തിക്ക് എതിരെ അല്ലെന്നും അവരുടെ ചിന്താഗതിക്കും നയങ്ങൾക്കും എതിരെയാണെന്നും സുപ്രിയ വ്യക്തമാക്കി. 18 വർഷമായി രാഷ്ട്രീയത്തിൽ സജീവമാണ് താനെന്നും ആർക്കെതിരെയും വ്യക്തിപരമായ ഒരുതരത്തിലുള്ള അധിക്ഷേപവും നടത്തിയിട്ടില്ലെന്നും അവർ തുടർന്നു. തന്റെ മൂത്ത ജ്യേഷ്ഠനെ പോലെ കരുതുന്നയാളുടെ ഭാര്യയായ സുനേത്ര മാതൃതുല്യയാണ്. സുനേത്രയെ മത്സരത്തിനിറക്കിയത് ബി.ജെ.പിയുടെ വൃത്തികെട്ട രാഷ്​ട്രീയമാണ് തുറന്നുകാട്ടുന്നത്. ഞങ്ങളുടെ കുടുംബത്തിൽ വിള്ളലുണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ശരദ് പവാറിനെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നത്. -സുപ്രിയ പറഞ്ഞു.

അതേസമയം, ബരാമതിയിൽ തന്നെ സ്ഥാനാർഥിയാക്കിയതിന് പ്രധാനമന്ത്രി നരേ​ന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും സുനേത്ര നന്ദി പറഞ്ഞു.

ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പുണെയിലെ ബരാമതി ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി മാറി. ശരദ് പവാർ വേഴ്സസ് അജിത് പവാർ എന്ന രീതിയിലേക്കാണ് മത്സരം വഴിമാറുന്നത്.

1960 മുതൽ ശരദ് പവാറിന്റെ ശക്തി കേന്ദ്രമാണ് ബരാമതി. 1991 മുതൽ ഇവിടെ നിന്നുള്ള എം.എൽ.എയാണ് അജിത് പവാർ. മൂന്നാംതവണയാണ് ബരാമതിയിൽ നിന്ന് സുപ്രിയ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. സുനേത്രയുടെ കന്നിയങ്കവും. മഹാരാഷ്ട്രയിൽ ഏപ്രിൽ 19,26, മേയ് 7, മേയ് 13, മേയ് 20 തീയതികളിലായി അഞ്ച് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് ഫലമറിയാം.

Tags