ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്ന് ബിജെപി

dmk
dmk

ചെന്നൈ: ഡിഎംകെ ദേശീയഗാനത്തെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി. ഡിഎംകെ ദേശവിരുദ്ധരാണെന്നും ബിജെപി പറഞ്ഞു.എന്നാല്‍ തമിഴ് ഭാഷയെ അപമാനിച്ച ഗവര്‍ണറും ബിജെപിയും സംസ്ഥാനത്തെ അവഹേളിച്ചെന്നാണ് ഡിഎംകെയുടെ മറുപടി. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി മടങ്ങിയതിന് പിന്നാലെയാണ് പുതിയ പോര്‍മുഖം തുറന്നത്.

തമിഴ് ഭാഷയോടുള്ള ആദരം വ്യക്തമാക്കുന്ന തമിഴ് തായ് വാഴ്ത്തും ഗാനം ചൊല്ലിയാണ് തമിഴ്‌നാട്ടില്‍ എല്ലാ ചടങ്ങുകളും തുടങ്ങുന്നത്. വര്‍ഷങ്ങളായി നിയമസഭയിലും പിന്തുടരുന്ന കീഴ്വഴക്കമാണിത്. സംസ്ഥാന ഗാനത്തിന് പകരം തന്റെ പ്രസംഗത്തിന് മുന്‍പ് ദേശീയ ഗാനം ആലപിക്കണമെന്നാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി ആവശ്യപ്പെട്ടത്. ആര്‍ എന്‍ രവിയുടെ ആവശ്യം തള്ളിയ സര്‍ക്കാര്‍ ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് ബിജെപിയുടെ ആരോപണം.

എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെയുള്ള പതിവ് ദേശീയ ഗാനത്തിന് കാത്തുനില്‍ക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയതോടെ ബിജെപി വാദത്തിന്റെ മുനയൊടിഞ്ഞെന്നാണ് ഡിഎംകെ സഖ്യത്തിന്റെ മറുപടി. ‘ഗാന്ധിജിയെ വധിച്ച സവര്‍ക്കറേക്കാള്‍ ദേശസ്‌നേഹം ഞങ്ങള്‍ക്കുണ്ട്’ എന്നാണ് ജവഹിറുള്ള എംഎല്‍എ പറഞ്ഞത്.

അതേസമയം തമിഴ് ഭാഷയെയും സംസ്‌കാരത്തെയും എതിര്‍ത്ത് ഗവര്‍ണര്‍ സംസാരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന അഭിപ്രായം സംസ്ഥാന ബിജെപിയില്‍ തന്നെ ഒരു വിഭാഗത്തിനുണ്ട്. ഗവര്‍ണറുടെ പുതിയ നിലപാട് ബിജെപി ഏറ്റെടുക്കുന്നത് ഡിഎംകെയ്ക്ക് നേട്ടമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.നയപ്രഖ്യാപനം വായിക്കാന്‍ വിസമ്മതിച്ച് തമിഴ്‌നാട് ഗവര്‍ണര്‍, ഗവര്‍ണറെ സഭയിലിരുത്തി സ്പീക്കര്‍ വായിച്ചു, നാടകീയ രംഗങ്ങള്‍

Tags