ബിജെപി എംപി അജയ് നിഷാദ് കോൺഗ്രസിൽ ചേർന്നു

bjp mp

പട്‌ന: മുസാഫർപൂരിൽ നിന്നുള്ള ബിജെപി എംപി അജയ് നിഷാദ് കോൺഗ്രസിൽ ചേർന്നു. ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് രാജി. എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് നിഷാദ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാർട്ടിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് രാജി പ്രഖ്യാപന വേളയിൽ നിഷാദ് പറഞ്ഞു.

'ബഹുമാനപ്പെട്ട @JPNadda ജീ, @BJP4ഇന്ത്യ, വഞ്ചനയിൽ ഞെട്ടി, പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ രാജി വയ്ക്കുന്നു', നിഷാദ് എക്‌സിൽ കുറിച്ചു. രാജിക്ക് മുമ്പ് തൻ്റെ എക്‌സ് അക്കൗണ്ടിൽ നിന്ന് 'മോദി കാ പരിവാർ' ടാഗ് നീക്കം ചെയ്യുകയും ചെയ്തു.

'കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം എന്റെ പ്രത്യയശാസ്ത്രവുമായി യോജിച്ച് പോകുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഈ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടി ഇന്‍ഡ്യാ മുന്നണി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്' എന്നും രാജിക്ക് പിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

2014 മുതൽ മുസാഫർപൂരിൽ നിന്നുള്ള എംപിയാണ് അജയ് നിഷാദ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 4,09,988 വോട്ടുകൾക്ക് അജയ് നിഷാദിനോട് പരാജയപ്പെട്ട ഡോ രാജ്ഭൂഷൺ ചൗധരിക്കാണ് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയത്.