മോദിയേയും അദ്വാനിയേയും വിമര്‍ശിച്ചതിന് പിന്നാലെ പൂനെയില്‍ മാധ്യമപ്രവര്‍ത്തകന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

car

പൂനെയില്‍ മാധ്യമപ്രവര്‍ത്തകന്‍ നിഖില്‍ വാങ്ക്‌ലെയ്ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. നിഖില്‍ വാങ്ക്‌ലെ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു. എല്‍ കെ അദ്വാനിക്ക് ഭാരതരത്‌ന നല്‍കിയതിനെ നിഖില്‍ വാങ്ക്‌ലെ വിമര്‍ശിച്ചിരുന്നു. ഇതിനെച്ചൊല്ലിയാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. ആക്രമണം നടക്കുമ്പോള്‍ നിഖിലിന്റെ വാഹനത്തില്‍ അഭിഭാഷകന്‍ അസിം സരോഡെയും സാമൂഹ്യ പ്രവര്‍ത്തകന്‍ വിശ്വംഭര്‍ ചൗധരിയുമുണ്ടായിരുന്നു. മൂന്നുപേരും പുനെയിലെ നിര്‍ഭയ് ബാനോ പരിപാടിയില്‍ പങ്കെടുക്കാനായി യാത്രതിരിച്ചപ്പോഴായിരുന്നു ആക്രമണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നിഖില്‍ വാങ്ക്‌ലെയ്‌ക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ബിജെപി നേതാവ് സുനില്‍ ദിയോധര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്. ഫെബ്രുവരി മൂന്നിന് അദ്വാനിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌നം നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിഖില്‍ വാങ്ക്‌ലെ മോദിയേയും അദ്വാനിയേയും വിമര്‍ശിച്ചിരുന്നത്.

നിഖില്‍ വാങ്ക്‌ലെയെ ഉള്‍പ്പെടെ പ്രാസംഗികനായി നിശ്ചയിച്ച നിര്‍ഭയ് ബാനോ പരിപാടിയ്ക്കുള്ള അനുമതി നിഷേധിക്കണമെന്ന് ചൂണ്ടിക്കാട്ടി ബിജെപി പരാതി സമര്‍പ്പിച്ചിരുന്നു. ഇതേ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം നടന്നത്.

Tags