ബൈക്ക് സ്റ്റണ്ടിന്റെ റീൽ ഷൂട്ട്; നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ജയ്പൂർ: അൽവാറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് സ്റ്റണ്ടിന്റെ റീൽ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം . നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജ്ഗഡ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് അപകടമുണ്ടായത്. യുവാക്കളിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
നിശാന്ത് സൈനി എന്ന യുവാവാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദീപക് സൈനി എന്ന യുവാവിനെ രാജ്ഗഢ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദീപക്കിനെ ജയ്പൂരിലേക്ക് മാറ്റി. എന്നാൽ, യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.
മരിച്ച രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് കാർ ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സുഹൃത്തുക്കളായിരുന്ന നിഷാന്തും ദീപക്കും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി റീലുകൾ ചെയ്തിട്ടുണ്ട്. ഇവരുടെ പല റീലുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും പങ്കുവെച്ചിട്ടുള്ള വീഡിയോകളിൽ നിരവധി ബൈക്ക് സ്റ്റണ്ടുകളും കാണാം.