പ്രജ്വലിനെതിരായ വീഡിയോ ചോര്‍ന്നതിന് പിന്നില്‍ 'വലിയ സ്രാവുകള്‍'; കുമാരസ്വാമി

google news
kumaraswami

സഹോദരപുത്രനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ വീഡിയോകള്‍ ചോര്‍ന്നതിന് പിന്നില്‍ 'വലിയ സ്രാവുകള്‍' ഉണ്ടെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ലക്ഷ്യംവച്ചായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. പ്രജ്വല്‍ രേവണ്ണയുടെ അറസ്റ്റ് വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പ്രശസ്തി നശിപ്പിക്കാനാണ് രേവണ്ണയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചതെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമി ആരോപിച്ചു. കുമാരസ്വാമി 'വലിയ സ്രാവിനെ' പിടികൂടി അതിനെ വിഴുങ്ങട്ടെയെന്നായിരുന്നു ഡികെ ശിവകുമാറിന്റെ മറുപടി. താന്‍ സംവിധായകനോ നിര്‍മ്മാതാവോ ഒന്നുമല്ല, ഒരു പ്രദര്‍ശകന്‍ മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമാകുന്നത്. ഏതാണ്ട് മൂവായിരത്തിന് അടുത്ത് വീഡിയോകളാണ് ഇത്തരത്തില്‍ പുറത്ത് വന്നിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനിടെ സിറ്റിങ്ങ് എംപിയും ഹാസനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായിരുന്ന പ്രജ്ജ്വലിനെ ജെഡിഎസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പീഡന ദൃശ്യങ്ങളില്‍ ചിലത് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് രംഗത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധവുമായി പ്രജ്ജ്വലിന്റെ വീഡിയോ വിവാദം മാറിയിരുന്നു.

Tags