പോലീസുകാര്‍ വേഷം മാറി റെയ്ഡിനെത്തി ; കൊള്ളക്കാരാണെന്ന് കരുതിയ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു
bhuvaneshwar

ഭുവനേശ്വര്‍ : കള്ളന്മാരാണെന്ന് തെറ്റിദ്ധരിച്ച്‌ പോലീസുകാര്‍ക്ക് ക്രൂരമര്‍ദ്ദനം. ഒഡീഷയിലെ കോരപുട്ട് ജില്ലയില്‍ മതിഖാല്‍ ഗ്രാമത്തിലാണ് സംഭവം.കഞ്ചാവ് കടത്തിനെക്കുറിച്ച്‌ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്‌ക്കായി എത്തിയ പോലീസുകാരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്.

മച്ച്‌കുണ്ഡ് സ്‌റ്റേഷനിലെ പോലീസുകാര്‍ സാധാരണ വേഷമണിഞ്ഞ് അര്‍ദ്ധരാത്രിയായിരുന്നു എത്തിയത്. ഇതാണ് കൊള്ളക്കാരാണെന്ന് സംശയിക്കാന്‍ ഇടയാക്കിയതെന്ന് കരുതുന്നു. ഗോത്രമേഖലയിലാണ് സംഭവമുണ്ടായത്.

പ്രദേശത്ത് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമീപത്തെ മല്‍ക്കന്‍ഗിരി ജില്ലയില്‍ നിന്നുള്ള 30-ഓളം പോലീസുകാരാണ് റെയ്ഡിന് എത്തിയിരുന്നത്. എന്നാല്‍ ഇവര്‍ കൊള്ളസംഘമാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ നാട്ടുകാര്‍ മാരകമായി മര്‍ദ്ദിച്ചു. പോലീസുകാരെത്തിയ ബൈക്കുകളും ഗ്രാമവാസികള്‍ തടഞ്ഞു.

വിവരമറിഞ്ഞെത്തിയ മറ്റ് പോലീസുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും 150 കിലോയോളം കഞ്ചാവ് പിടികൂടിയതായി മച്ച്‌കുണ്ഡ് പോലീസ് അറിയിച്ചു.

Share this story