ബംഗളൂരുവിൽ ബന്ധുവിനായി കരൾ ദാനം ചെയ്ത 33 കാരി അണുബാധയെ തുടർന്ന് മരിച്ചു

death
death

ബംഗളൂരു : ബന്ധുവിനായി കരൾ ദാനം ചെയ്ത യുവതി ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധ കാരണം മരിച്ചു. 33 കാരിയായ അർച്ചന കാമത്ത് ആണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും പിന്നീട് അർച്ചനയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു.

സെപ്തംബർ നാലിനാണ് അർച്ചന കരൾ ദാന ശസ്ത്രക്രിയക്ക് വിധേയയായത്. ഏഴ് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി.

എന്നാൽ, പിന്നീട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ കാരണമാണ് യുവതി മരിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. തിങ്കളാഴ്‌ച കുന്ദാപുരിൽ അർച്ചനയുടെ സംസ്കാര ചടങ്ങുകൾ നടന്നു. ചാർട്ടേഡ് അക്കൗണ്ടൻറാണ് അർച്ചയുടെ ഭർത്താവ്. നാല് വയസുള്ള മകനുണ്ട്.

ഭർത്താവിൻറെ അമ്മയുടെ സഹോദരിക്ക് വേണ്ടിയാണ് അർച്ചന കരൾ ദാനം ചെയ്തത്. ഒരു ദാതാവിനായി കുടുംബം 18 മാസത്തേലേറെയായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് അർച്ചന സഹായിക്കാനായി തയാറായത്.

Tags