നഗ്നചിത്രം പ്രചരിപ്പിച്ചത് മറ്റൊരുപേരിൽ; ഡോക്ടറെ കൊന്ന കാമുകിയും കൂട്ടുകാരും ആർക്കിടെക്റ്റുമാർ
death

ബെംഗളൂരു: നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഡോക്ടറെ കാമുകിയും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചുകൊന്നു. ബെംഗളൂരു ന്യൂ മൈക്കോ ലേഔട്ടിലാണ് സംഭവം. തമിഴ്നാട് സ്വദേശി എന്‍. വികാസാണ് (27) കൊല്ലപ്പെട്ടത്. വികാസിനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് പ്രതിഭ (24), പ്രതിഭയുടെ കൂട്ടുകാരായ ഗൗതം (24), സുശീല്‍ (27), സൂര്യ (25) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

ഈമാസം 10-നാണ് വികാസിന് മര്‍ദനമേറ്റത്. അബോധാവസ്ഥയിലായിരുന്ന ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കഴിഞ്ഞദിവസമാണ് ബേഗൂര്‍ പോലീസ് യുവതിയെയും സുഹൃത്തുക്കളെയും അറസ്റ്റുചെയ്തത്. മൂന്നുപേരും ആര്‍ക്കിടെക്റ്റുമാരാണ്.

യുക്രൈനില്‍ പഠനം പൂര്‍ത്തിയാക്കിയ വികാസ് ഒരുവര്‍ഷംമുമ്പാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്‌ക്രീനിങ് പരീക്ഷാപരിശീലനത്തിനായി ബെംഗളൂരുവിലെത്തിയത്. ഇതിനിടെ പ്രതിഭയെ പരിചയപ്പെട്ടു. തുടര്‍ന്ന് ബി.ടി.എം. ലേഔട്ടില്‍ വീട് വാടകയ്‌ക്കെടുത്ത് ഇരുവരും താമസം തുടങ്ങി. ഈ മാസം എട്ടിനാണ് പ്രതിഭ തന്റെ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പ്രചരിക്കുന്നത് കണ്ടത്. സംശയംതോന്നിയ ഇവര്‍ വികാസിന്റെ കംപ്യൂട്ടര്‍ പരിശോധിച്ചതോടെ ഇയാളാണ് മറ്റൊരുപേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായത്. ഇതോടെ യുവതി സൃഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നീട് സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ വികാസിനെ നാലുപേരും ചേര്‍ന്ന് ചോദ്യംചെയ്യുകയും ഇരുമ്പുവടി, വെള്ളക്കുപ്പി എന്നിവകൊണ്ട് മര്‍ദിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ വികാസിനെ ഇവര്‍തന്നെ ആശുപത്രിയിലെത്തിച്ചു.

ഫോണ്‍ചെയ്യാനായി പുറത്തിറങ്ങിയപ്പോള്‍ വികാസും മറ്റുള്ളവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നുവെന്നാണ് പ്രതിഭ നല്‍കിയ മൊഴി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു

Share this story