മീശയും താടിയും ഷേവ് ചെയ്യാൻ വിസമ്മതിച്ചു ; ബംഗളൂരിൽ കോളജ് വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ ക്രൂര മർദ്ദനം
ബംഗളൂരു: മീശയും താടിയും ഷേവ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ കോളജ് വിദ്യാർഥിക്ക് നേരെ സീനിയേഴ്‌സിന്‍റെ മർദനം. ഗൗതമിനെയാണ് സീനിയേഴ്‌സ് മർദിച്ച് അവശനാക്കിയത്. കൃപാനിധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലാണ് സംഭവം.
ഏപ്രിലിലാണ് കോളജ് തുറന്നത്. കാമ്പസിലെത്തിയ ഗൗതമിനോട് താടി ഷേവ് ചെയ്യാൻ സീനിയേഴ്‌സായ സേവ്യർ ഐസക്, വിഷ്ണു, ശരത് എന്നിവർ ആവശ്യപ്പെട്ടിരുന്നു. ഇത് പല പ്രാവശ്യം ആവർത്തിച്ചെങ്കിലും ഗൗതം വിസമ്മതിച്ചതോടെ സീനിയേഴ്‌സ് സംഘം ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഗൗതമിനെ ഹദോസിദ്ദപുരയിലെ പള്ളിയിലേക്ക് കൊണ്ടുപോയി മർദിച്ചു. ആക്രമണത്തിൽ തോളിൽ പൊട്ടലുണ്ടായ ഗൗതമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതികൾ ആശുപത്രിയിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ഗൗതമിന്‍റെ വീട്ടുകാർ പരാതി നൽകി.
118(1), 118(2) (അപകടകരമായ ആയുധങ്ങളാൽ സ്വമേധയാ മുറിവേൽപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുക), 126 (2), 189 (2) 190 ,191(2),351 എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.