അഹമ്മദാബാദിൽ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം ; മാതാപിതാക്കളെ കണ്ടെത്തി
baby1

അഹമ്മദാബാദ് : ചികിത്സക്ക് പണമില്ലാത്തതിനെ തുടർന്ന് കുഞ്ഞിനെ പാടത്ത് ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്തി. മഞ്ജുള ബജാനിയേയും ശൈലേഷിനെയുമാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സബർക്കണ്ട ജില്ലയിലെ ഗംഭോയി എന്ന ഗ്രാമത്തിൽ ഒരു പാടത്തു നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്.

ജനിച്ച് മൂന്നുമണിക്കൂർ മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ സ്ഥലമുടമയായ ജിതേന്ദ്രസിംഗ് ആണ് രക്ഷിച്ചത്. രാവിലെ പാടത്തു വന്നപ്പോൾ മണ്ണിടയിൽ എന്തോ അനങ്ങുന്നത് കണ്ട് സംശയം തോന്നിയ ജിതേന്ദ്രസിംഗ് അടുത്തുള്ളവരെ വിളിച്ച് മണ്ണുനീക്കി നോക്കിയപ്പോഴാണ് കുഞ്ഞിന്റെ കൈ കാണുന്നത് .

ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുള്ള ഹിമ്മത്നഗർ സിവിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ ഏഴുമാസം പ്രായമുള്ളപ്പോഴാണ് പ്രസവിച്ചതെന്നും ഒരു കിലോ മാത്രമാണ് തൂക്കമുള്ളതെന്നും പരിശോധനയിൽ വ്യക്തമായി. കുട്ടിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതർ അറിയിച്ചു. 

Share this story