വ്യാജ ED റെയ്ഡ് നടത്തി വ്യവസായിയിൽ നിന്ന് അഞ്ച് കോടി തട്ടാൻ ശ്രമം

crime
crime

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇ ഡി  ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യവസായിയില്‍ നിന്നും അഞ്ചുകോടി തട്ടാന്‍ ശ്രമം. വ്യവസായിയുടെ സന്ദേശം ലഭിച്ചെത്തിയ വക്കീലിന്റെ സമയോചിതമായ ഇടപെടലില്‍ പൊളിഞ്ഞത് സിനിമാ സ്റ്റൈല്‍ മോഷണശ്രമം. ഒക്ടോബര്‍ 21-ന് രാത്രിയോടെ ഛത്തര്‍പുരിലെ ഡി.എല്‍.എഫ്. ഫാംസിലെ വ്യവസായിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഏഴുപേരടങ്ങിയ സംഘമാണ് ഇഡി വേഷത്തിലെത്തി വ്യവസായിയെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.

ദിവസേന വലിയ തോതിലുള്ള സാമ്പത്തിക ക്രയവിക്രയം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് എത്തിയത് എന്നാണ് സംഘം വ്യവസായിയെ ധരിപ്പിച്ചത്. ഇത് തെളിയിക്കാനായി വ്യവസായിയുടെ പഴയ ബാങ്ക് അക്കൗണ്ടിന്റെ കുറച്ച് ചെക്കുകളും കാണിച്ചു. ഏഴുപേരില്‍ നാലുപേര്‍ മാസ്‌ക് ധരിച്ചിരുന്നു. ബാക്കിയുള്ള മൂന്നുപേര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ഇവരാണ് വ്യവസായിയുമായി കൂടുതല്‍ സംസാരിച്ചത്.

രാത്രി വൈകുവോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അഞ്ചുകോടി തന്നാല്‍ കേസ് ആരുമറിയാതെ അവസാനിപ്പിക്കാം എന്നായി സംഘം. കൈയില്‍ കാശില്ലെന്നും ബാങ്കില്‍ നിന്ന് എടുക്കേണ്ടിവരുമെന്നും പറഞ്ഞതോടെ സംഘം രാത്രി മുഴുവന്‍ വ്യവസായിയുടെ വീട്ടില്‍ തന്നെ കഴിയാന്‍ തയ്യാറായി. പിടിക്കപ്പെടില്ലെന്ന് അത്രയും ഉറപ്പായിരുന്നു മോഷണസംഘത്തിന്. രാവിലെ ഇവര്‍ വ്യവസായിയുമായി ഹൗസ് ഖാസിലുള്ള കൊടാക് മഹിന്ദ്ര ബാങ്കിലെത്തി.

ഇതിനിടെ വ്യവസായി ഇഡി പരിശോധനയെക്കുറിച്ച് തന്റെ അഭിഭാഷകന് മെസേജ് അയച്ചിരുന്നു. അറിഞ്ഞ സംഭവങ്ങളില്‍ പന്തികേടുതോന്നിയ അഭിഭാഷകന്‍ ശരിക്കുള്ള ഇഡി ഓഫീസുമായി ബന്ധപ്പെട്ടു. ഇതോടെയാണ് സംഭവം നാടകമാണ് എന്ന് മനസിലായത്. തുടര്‍ന്ന് ബാങ്കിലെത്തിയ അഭിഭാഷകന്‍ മോഷ്ടാക്കളോട് ഐ.ഡി. കാര്‍ഡ് ആവശ്യപ്പെട്ടു. അഭിഭാഷകന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറിപ്പോയ മോഷ്ടാക്കള്‍ ബാങ്കില്‍നിന്നും ഓടി രക്ഷപ്പെട്ടു.
കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് രണ്ടുകാറുകള്‍ സീസ് ചെയ്തു. മോഷ്ടാക്കള്‍ക്കായി അന്വേഷണം തുടരുകയാണെന്നും അറിയിച്ചു.

Tags