'അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചാൽ ഹൈകോടതിയുടെ മനോവീര്യം തകരില്ല' : സുപ്രീംകോടതി
ന്യൂഡൽഹി : ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ചാൽ ഹെകോടതിയുടെ മനോവീര്യം തകരുമെന്ന് പറയേണ്ടെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറലിനോട് സുപ്രീംകോടതി. ഈ നിരീക്ഷണത്തോടെ ജാമ്യം ആവശ്യപ്പെട്ട് കെജ്രിവാൾ സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് വിധി പറയാൻ മാറ്റി.
സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം നൽകിയാൽ അത് ഹൈകോടതിയുടെ മനോവീര്യം തകർക്കുമെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ബോധിപ്പിച്ചപ്പോഴാണ് സുപ്രീംകോടതി ആ വാദം തള്ളിക്കളഞ്ഞത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് സുപ്രീംകോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഇതേ വിഷയത്തിൽ സി.ബി.ഐയും കേസെടുത്ത് അറസ്റ്റ് ചെയ്തതിനാൽ അദ്ദേഹം ജയിലിൽ തുടരുകയാണ്.
ഇ.ഡി കേസിൽ ജാമ്യം കിട്ടുമെന്ന് മുൻകൂട്ടിക്കണ്ട് കെജ്രിവാൾ ജയിൽ മോചിതനാകാതിരിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ‘ഇൻഷുറൻസ് അറസ്റ്റാ’ണിതെന്ന ഹൈകോടതിയിലെ വാദം അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഷേക് സിങ്വി സുപ്രീംകോടതിയിലും ആവർത്തിച്ചു.