പ്രേതബാധ ഒഴിപ്പിക്കലിന്‍റെ മറവിൽ യുവതിയെ ബലാത്സംഗം ചെയ്ത സ്വയംപ്രഖ്യാപിത ആൾദൈവം പിടിയിൽ
arrested

ലഖ്നോ: പ്രേതബാധ ഒഴിപ്പിക്കലിന്‍റെ മറവിൽ വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത സ്വയം പ്രഖ്യാപിത ആൾദൈവം പിടിയിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇരയായ യുവതിക്ക് ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ഭർത്താവിനൊപ്പം ഇവർ മോദി നഗറിലെ കിഡോഡ ഗ്രാമത്തിലെത്തി ആൾദൈവത്തെ കണ്ടു. മരിച്ച ആരുടെയോ ആത്മാവ് യുവതിയുടെ ശരീരത്തിൽ ഉണ്ടെന്നും ദുരാത്മാക്കളിൽനിന്ന് രക്ഷപ്പെടാൻ ചില പൂജകൾ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് പലപ്പോഴായി യുവതിയെ പൂജകൾക്കെന്ന പേരിൽ ഇയാൾ വിളിച്ചുവരുത്തിയിരുന്നു.

സെപ്റ്റംബർ ഒമ്പതിന് പ്രേതബാധ ഒഴിപ്പിക്കാനുണ്ടെന്ന പേരിൽ യുവതിയെ പൂജാ കേന്ദ്രത്തിലേക്ക് വരുത്തി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇവർ നിവാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് വ്യാജ ആൾ ദൈവത്തിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.

അടുത്തിടെ ഒരു പൊലീസുകാരന്റെ മകളെ ബലാത്സംഗം ചെയ്തതിന് മറ്റൊരു സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിലായിരുന്നു. പ്രായപൂർത്തിയാവുന്നതിന് മുമ്പ് തന്നെ ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഫോട്ടോകൾ എടുക്കുകയും ഇവ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയുമായിരുന്നു. സെപ്റ്റംബർ 11നാണ് പ്രതിയെ പിടികൂടിയത്.

Share this story