ഹൈദരാബാദിൽ ചീട്ട് കളിച്ചുവെന്ന് ആരോപിച്ച് 16 കുട്ടികളെ നഗ്നരാക്കി മര്‍ദിച്ചു ; മൂന്ന് പേർ പിടിയിൽ
arrest2

ചീട്ടുകളിച്ചുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത 16 കുട്ടികളെ നഗ്നരാക്കി മര്‍ദിച്ച സംഭവത്തിൽ മൂന്ന് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചീട്ടുകളിയുടെ പേര് പറഞ്ഞ് 16 കുട്ടികളെ ഒരുസംഘം യുവാക്കൾ നഗ്നരാക്കി ആക്രമിക്കുകയായിരുന്നു. ഏപ്രില്‍ 29നാണ് സംഭവം നടന്നത്.

കുട്ടികളെ മര്‍ദിച്ച യുവാക്കളില്‍ ഒരാള്‍ മർദനത്തിന്റെ വിഡിയോ മൊബൈലിൽ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മങ്കല്‍ഹട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. മര്‍ദനമേറ്റ ഒരു കുട്ടിയുടെ പിതാവ് ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

വീടിനടുത്തുള്ള കുന്നില്‍ വച്ചാണ് 16 കുട്ടികള്‍ ചേര്‍ന്ന് ചീട്ടുകളിച്ചത്. ഇതുവഴി പോവുകയായിരുന്ന യുവാവ് കുട്ടികള്‍ ചീട്ട് കളിക്കുന്നത് കാണുകയും സുഹൃത്തുക്കള്‍ക്കൊപ്പമെത്തി കുട്ടികളെ പിടികൂടുകയുമായിരുന്നു. തുടർന്ന് കുട്ടികളെ വിവസ്ത്രരാക്കിയ ശേഷം മുഖത്ത് ഉൾപ്പടെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.സംഭവത്തില്‍ ഒരു ബി.ജെ.പി നേതാവിന് പങ്കുണ്ടെന്ന തരത്തിലും ആദ്യം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ബി.ജെപി നേതാവിന് ഇതിൽ പങ്കില്ലെന്നറിയിച്ച പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Share this story