'ഇത് ആളെ മയക്കും കുപ്പി'; ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യയുടെ 'അമൃത്'

amrut
amrut

ഇന്ത്യയിലെ 'അമൃത് ഡിസ്റ്റിലറീസി'ന്റെ കേളി വീണ്ടും വീണ്ടും ലോകമെമ്പാടും  ഉയരുകയാണ്. ഇന്ന് "ലോകത്തിലെ ഏറ്റവും മികച്ച വിസ്കി" എന്ന പട്ടം ചൂടി നിൽക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള അമൃത് ഡിസ്റ്റിലറീസ്. ലണ്ടനിൽ നടന്ന 2024 ഇൻ്റർനാഷനൽ സ്പിരിറ്റ്സ് ചലഞ്ചിൽ സ്കോട്ട്ലൻഡ്, അയർലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ലോകപ്രശസ്ത വിസ്കി ബ്രാൻഡുകളെ പരാജയപ്പെടുത്തിയാണ് അമൃത് ഡിസ്റ്റിലറീസ് ഈ കിരീടം നേടിയത്.

ചലഞ്ചിന്റെ 29-ാം പതിപ്പിലെ "വേൾഡ് വിസ്കി" വിഭാഗത്തിൽ അമൃത് ഡിസ്റ്റിലറീസ് അഞ്ച് സ്വർണ മെഡലുകളാണ് നേടിയത്. രാജ്യാന്തര മദ്യനിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും സമാനതകളില്ലാത്ത ഗുണനിലവാരത്തെയും അടിവരയിടുന്നതാണ് ഈ വിജയം. ഇതോടെ ആഡംബര സ്പിരിറ്റുകളുടെ മുൻനിര നിർമ്മാതാവ് എന്ന നിലയിൽ അമൃത് ഡിസ്റ്റിലറീസ് ആഗോളതലത്തിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞുവെന്ന് പറയാം.  

ബാംഗ്ലൂരിലെ രാജാജി നഗറാണ് അമൃത് ഡിസ്റ്റിലറീസിന്റെ ആസ്ഥാനം. കര്‍ണാടകക്കാരനായ രാധാകൃഷ്ണ ജഗ്ദാലെ 1948-ൽ സ്ഥാപിച്ചതാണ് അമൃത് ഡിസ്റ്റിലറീസ്. സിൽവർ കപ്പ് ബ്രാണ്ടിയായിരുന്നു അവരുടെ ആദ്യ ഉല്‍പ്പന്നം. ഇവരുടെ ഫ്ലാഗ്ഷിപ്പ് സിംഗിള്‍ മാള്‍ട്ട് വിസ്കിയായ അമൃത് ഫ്യൂഷന്‍ ആണ് ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായ ഉല്‍പ്പന്നം. ഇന്ന് ഗുണനിലവാരമുള്ള സിംഗിള്‍ മാള്‍ട്ട് വിസ്കിയ്ക്ക് പേരുകേട്ട ബ്രാന്‍ഡ്‌ ആണ് അമൃത്.

fusion

ലോകപ്രശസ്ത എഴുത്തുകാരനും, വിസ്കി നിരൂപകനുമായ ജിം മുറെ, 2005ലും 2010ലും 100 ൽ 82 എന്ന റേറ്റിംഗ് നൽകിയതിന് ശേഷമാണ് ഈ ബ്രാൻഡ് പ്രശസ്തമായത്. 2010 ൽ അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്കിയായി മുറെ തിരഞ്ഞെടുത്തു. വിലയും നിലവാരവും കുറഞ്ഞതാണ് ഇന്ത്യന്‍ വിസ്കിയെന്നുള്ള പൊതു അഭിപ്രായം മാറ്റാന്‍ ബ്രാന്‍ഡിന് കഴിഞ്ഞെന്ന് അമേരിക്കൻ മാസികയായ വിസ്കി അഡ്വക്കേറ്റിന്റെ എഡിറ്ററായ ജോൺ ഹാൻസെൽ എഴുതി. 

ഇന്ന് ജപ്പാൻ, നെതർലാൻഡ്സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്‍‍വാന്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസിന്‍റെ വിസ്കി വിൽക്കുന്നുണ്ട്. സിംഗിള്‍ മാള്‍ട്ട് വിസ്കി മാത്രമല്ല, ബ്രാണ്ടി, റം, വോഡ്ക, ജിൻ, ബ്ലെൻഡഡ് വിസ്കി, സിൽവർ ഓക്ക് ബ്രാണ്ടി, ഓൾഡ് പോർട്ട് റം തുടങ്ങിയവയെല്ലാം കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നു.

നേരത്തെയും നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് അമൃത് ഡിസ്റ്റിലറീസ്. 2019 ൽ അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കി "വേൾഡ് വിസ്‌കി ഓഫ് ദ ഇയർ അവാർഡും", അമൃത് ഡിസ്റ്റിലറീസ് 2019ലെ സാൻ ഫ്രാൻസിസ്‌കോയിലെ ബാർട്ടെൻഡർ സ്പിരിറ്റ്‌സ് അവാർഡിൽ "വേള്‍ഡ് വിസ്‌കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ" അവാർഡും നേടിയിരുന്നു.


 

Tags