ഡൽഹിയിലെ വായു മലിനീകരണം ; സ്കൂളുകളും കോളജുകളും തുറക്കാൻ ഇളവ് നൽകി സുപ്രീംകോടതി
ന്യൂഡൽഹി : അന്തരീക്ഷ വായു മലിനീകരണം നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സുപ്രീംകോടതി അനുമതി നൽകി. സ്കൂളുകളും കോളജുകളും തുറന്ന് പ്രവർത്തിക്കാനാണ് ഇളവ് നൽകിയത്.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം വലിയൊരു വിഭാഗം വിദ്യാർഥികൾക്കില്ലെന്നും പ്രൈമറി, അംഗൻവാടി കുട്ടികൾക്ക് ഉച്ചഭക്ഷണം ലഭിക്കുന്നില്ലെന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചാണ് ഇളവ് അനുവദിക്കുന്നതെന്നും ജസ്റ്റിസുമാരായ എ.എസ്. ഓക, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പല വിദ്യാർഥികളുടെയും വീടുകളിൽ വായു ശുദ്ധീകരണ സംവിധാനങ്ങൾ ഇല്ല. അതിനാൽ സ്കൂളിൽ പോകുന്നതിനുപകരം വീട്ടിൽ തുടരുന്നത് ഒരു വ്യത്യാസവും ഉണ്ടാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയന്ത്രണം വന്നിട്ടും ആവശ്യമായ നടപടികൾ ഡൽഹി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. അതേസമയം, ഡൽഹിയിലെ വായു ഗുണനിലവാര സൂചികയിൽ (എ.ക്യു.ഐ) നേരിയ പുരോഗതിയുണ്ടായി. എ.ക്യു.ഐ 334ല്‍നിന്ന് 278 ആയി താഴ്ന്നു.