അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ മാവോയിസ്റ്റുകളെന്ന് ബിഹാർ പോലീസ്

google news
agnipath protest

പട്‌ന: കേന്ദ്ര സര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഉന്നത മാവോയിസ്റ്റ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ബിഹാര്‍ പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് മനശ്യാം ദാസിനെ തെലങ്കാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

ലഖിസരായിയില്‍ ട്രെയിന്‍ കത്തിച്ചതിന് പിന്നിലെ തന്റെ പങ്ക് അറസ്റ്റിലായ ശേഷം നടത്തിയ ചോദ്യംചെയ്യലില്‍ മാവോയിസ്റ്റ് നേതാവ് സമ്മതിച്ചിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനിലെത്തി അതിക്രമം കാണിക്കാന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചത് മാവോയിസ്റ്റ് നേതാക്കളാണെന്ന് പോലീസ് പറയുന്നു. വാടകയ്‌ക്കെടുത്ത വീട്ടില്‍ വെച്ചാണ് പദ്ധതികള്‍ തയ്യാറാക്കിയതെന്നും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഖിസരായിയില്‍ താമസിച്ച് നേതൃത്വം നല്‍കുന്ന മനശ്യാം ദാസിന് ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളിലെ നക്‌സല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. മൊബൈല്‍ ഫോണുകളും മാവോയിസ്റ്റ് ലഘുലേഖകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

മാവോയിസ്റ്റുകളെ നേരില്‍ കാണാന്‍ ഇയാള്‍ സ്ഥിരമായി വനത്തിനുള്ളിലേക്ക് പോകാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ബഗല്‍പുറിലെ ഒരു പ്രൊഫസര്‍ക്ക് നക്‌സലുകളുമായി ബന്ധമുണ്ടെന്നും അറസ്റ്റിലായ ദാസ് പോലീസിനോട് പറഞ്ഞുവെങ്കിലും പ്രൊഫസര്‍ ഇത് നിഷേധിച്ചു.

Tags