തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസ് : സുപ്രീംകോടതിയിൽ നിരുപാധികം ക്ഷമ ചോദിച്ച് ബാബ രാംദേവ്

baba

ന്യൂഡൽഹി: ഉൽപന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം ക്ഷമ ചോദിച്ച് ‘പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബ രാംദേവ്. കോടതി നിർദേശത്തെ തുടർന്നാണ് രാംദേവും കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും ചൊവ്വാഴ്ച നേരിട്ട് ഹാജരായത്.

പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതോടെയാണ് ഇരുവരോടും കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകാൻ ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവർ കർശന നിർദേശം നൽകിയത്. ‘ഞങ്ങൾ നിരുപാധികം ക്ഷമാപണം നടത്തുകയാണ്. മാപ്പ് പറയാൻ ബാബ രാംദേവ് നേരിട്ട് കോടതിയിലെത്തിയിട്ടുണ്ട്’ -പതഞ്ജലിക്കുവേണ്ടി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

എന്നാൽ, കോടതി രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. നിരുപാധികം ക്ഷമ ചോദിക്കുന്നതിനെ ‘ലിപ് സർവിസ്’ എന്നു മാത്രം വിശേഷിപ്പിച്ച കോടതി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന് പതഞ്ജലി രാജ്യത്തോട് ഒന്നടങ്കം മാപ്പ് പറയണണമെന്നും ആവശ്യപ്പെട്ടു. നിങ്ങൾ എല്ലാ അതിർവരമ്പുകളും ലംഘിച്ചു, ഇപ്പോൾ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും കോടതി പറഞ്ഞു. കേന്ദ്ര സർക്കാറിനെയും കോടതി വിമർശിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകുമ്പോഴും കേന്ദ്ര സർക്കാർ കാഴ്ചക്കാരായി കണ്ണടച്ചിരുന്നത് ആശ്ചര്യപ്പെടുത്തുന്നതായി കോടതി വ്യക്തമാക്കി.

Tags