ജീവന്‍തുടിക്കുന്ന യന്ത്രയാനയെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച് നടി ശില്പാ ഷെട്ടി

Actress Shilpa Shetty dedicates the robot elephant to the temple
Actress Shilpa Shetty dedicates the robot elephant to the temple

ബെംഗളൂരു: യന്ത്ര ആനയെ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച് നടി ശില്പാ ഷെട്ടി. ചിക്കമംഗളുരു രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ജീവന്‍തുടിക്കുന്ന യന്ത്രയാനയെ സമര്‍പ്പിച്ചത്. വീരഭദ്ര എന്നു പേരിട്ട യന്ത്ര ആനയ്ക്ക് മൂന്നുമീറ്റര്‍ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്തുലക്ഷം രൂപ ചെലവില്‍ റബ്ബര്‍, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മിച്ചത്.

ജീവനുള്ള ആനയെപ്പോലെ ഇത് കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യും. വലിയ ചെവികള്‍ ആട്ടും തലയും തുമ്പിക്കൈയും വാലും ഇളക്കും. മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെറ്റയും (പീപ്പിള്‍ ഓഫ് എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ്) ബെംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (കമ്പാഷനേറ്റ് അണ്‍ലിമിറ്റഡ് പ്ലസ് ആക്ഷന്‍) യന്ത്രയാനയെ സമര്‍പ്പിക്കാന്‍ വഴിയൊരുക്കിയത്.

ആഘോഷങ്ങള്‍ക്ക് ആനയെ വാടകയ്‌ക്കെടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആനയെ സമര്‍പ്പിച്ചത്. മംഗളവാദ്യാവതരണവുമുണ്ടായി. സമര്‍പ്പണച്ചടങ്ങില്‍ വനംവകുപ്പു മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ, ഊര്‍ജവകുപ്പുമന്ത്രി കെ.ജെ. ജോര്‍ജ്, മഠാധിപതി രംഭാപുരി ജഗദ്ഗുരു എന്നിവര്‍ സംബന്ധിച്ചു.

Tags