അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെ; വിജയ്ക്ക് ആശംസകൾ നേർന്ന് സൂര്യ

Actor Suriya praises actor Vijay for entering politics
Actor Suriya praises actor Vijay for entering politics

ചെന്നൈ: വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനം ഇന്ന് വൈകിട്ട് വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ നടക്കാനിരിക്കെ വിജയ്ക്ക് ആശംസകൾ നേർന്ന് നടൻ സൂര്യ. 'തന്റെ സുഹൃത്ത് പുത്തൻ വഴിതേടി പുതിയ യാത്ര ആരംഭിക്കുകയാണ്. അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെ' എന്നായിരുന്നു സൂര്യ പറഞ്ഞത്. സൂര്യ വിജയിയെക്കുറിച്ച് പറയുന്ന വാക്കുകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം വിജയ്‌യുടെ രാഷ്ട്രീയ അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്. നടന്റെ വാക്കുകൾ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. 

350 കോടി രൂപ ബഡ്ജറ്റിൽ പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം നവംബർ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായ ചിത്രത്തിൽ യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രം, മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ് രചിച്ചത്. 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.