സ്‌കൂള്‍ ബാഗ് എടുക്കാന്‍ മറന്നു; ഏഴ് വയസുകാരനെ വിവസ്ത്രനാക്കി ഷോക്കേല്‍പ്പിച്ച് അധ്യാപിക
ആഗ്ര: ഉത്തര്‍ പ്രദേശിലെ അലിഗഡിൽ ഏഴ് വയസുകാരന് ടീച്ചറിന്റെ ക്രൂരമര്‍ദ്ദനം. സ്‌കൂള്‍ ബാഗ് എടുക്കാന്‍ മറന്നതിനാണ് കുട്ടിയെ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് വിവരം. അലിഗഡില്‍ ലോധ പൊലീസ് സ്റ്റേഷന്‍ ഏരിയയിലുള്ള സ്വകാര്യ സ്‌കൂളിലെ ടീച്ചര്‍ക്കെതിരെയാണ് പരാതി. അലിഗഡ് സ്വദേശി ദിലീപ് കുമാറിന്റെ മകന്‍ ജെയിംസിനാണ് ടീച്ചറിന്റെ മര്‍ദ്ദനമേറ്റത്. യുകെജി വിദ്യാര്‍ത്ഥിയാണ് കുട്ടി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കുട്ടിയുടെ പിതാവായ ദിലീപ് സ്ഥലത്തില്ലാതിരുന്നതുകൊണ്ടും കുട്ടിയുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതുകൊണ്ടും മുത്തച്ഛനാണ് കുട്ടിയെ സ്‌കൂളിലാക്കിയത്. കുട്ടി സ്‌കൂള്‍ ബാഗ് വീട്ടില്‍ മറന്നുവെച്ചാണ് പോയത്. ബാഗ് എടുത്തില്ലെന്ന് പറഞ്ഞ് സ്‌കൂളിലെത്തിയ കുട്ടിയെ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
'കുട്ടിയെ വസ്ത്രങ്ങളും ഷൂസും അടക്കം അഴിച്ചുമാറ്റിയാണ് ടീച്ചര്‍ മര്‍ദ്ദിച്ചതെന്നും തുടര്‍ന്ന് കുട്ടിയെ ഷോക്കേല്‍പ്പിക്കുകയും ചെയതെന്നും' കുട്ടിയുടെ പിതാവ് പറഞ്ഞു. സ്‌കൂളില്‍ നിന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂളിലെത്തിയ കുടുംബം അധികൃതരോട് വിവരം പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അതേസമയം രക്ഷിതാക്കളുടെ പരാതിയിൽ സ്‌കൂള്‍ ജീവനക്കാരെയും അധികൃതരെയും ചോദ്യം ചെയ്ത് വരികയാണെന്ന് ഡിഎസ്പി രഞ്ജന്‍ ശര്‍മ പറഞ്ഞു. എന്നാല്‍ കുട്ടിയെ ഷോക്കേല്‍പ്പിച്ചുവെന്ന് പറയുന്നത് അവാസ്തവമാണെന്നും സ്‌കൂള്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.