നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബം മരിച്ചനിലയില്‍

A family of five was found dead inside a parked car
A family of five was found dead inside a parked car

ചെന്നൈ: നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. സേലം സ്വദേശികളായ മണികണ്ഠന്‍(50) ഭാര്യ നിത്യ, ഇവരുടെ രണ്ട് മക്കള്‍, മണികണ്ഠന്റെ അമ്മ സരോജ എന്നിവരെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. തിരുച്ചിറപ്പള്ളി-കാരക്കുടി ദേശീയപാതയില്‍ പുതുക്കോട്ട ജില്ലയിലെ നാമനസമുദ്രം ഭാഗത്തായിരുന്നു സംഭവം.

കാര്‍ കഴിഞ്ഞദിവസം വൈകീട്ട് മുതല്‍  ഇതേസ്ഥലത്തുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചതോടെയാണ് അഞ്ച് പേരെയും മരിച്ചനിലയില്‍ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കാറില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

സേലത്ത് ലോഹവ്യാപാരിയായ മണികണ്ഠന് സാമ്പത്തികബാധ്യതകളുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. വിഷം ഉള്ളില്‍ച്ചെന്നാണ് അഞ്ച് പേരുടെയും മരണം സംഭവിച്ചതെന്നാണ് സംശയം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 


 

Tags