മോദിയെയും യോഗിയെയും പിന്തുണച്ചതിന് വിവാഹമോചനം തേടിയെന്ന് യുവതിയുടെ പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

google news
divorce
മൊറാദാബാദ് സ്വദേശിയായ നദീം എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പിന്തുണച്ചതിന് പീഡിപ്പിക്കുകയും വിവാഹബന്ധത്തില്‍ നിന്ന് പിന്മാറുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊറാദാബാദ് സ്വദേശിയായ നദീം എന്ന യുവാവിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് യുവതി പൊലീസില്‍ പരാതിയുമായി എത്തിയത്. ഭര്‍ത്താവ് നേരത്തെ തന്നെ മുത്തലാഖ് ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്തിരുന്നതായും അതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

ബിജെപിയെ പിന്തുണച്ചതിന് പിന്നാലെ വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭര്‍തൃസഹോദരനും ഭര്‍തൃ സഹോദരിയും ഉപദ്രവിക്കാന്‍ തുടങ്ങി. സംഭവം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മെന്‍ഷന്‍ ചെയ്ത് യുവതി ട്വീറ്റ് ചെയ്തു. സ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കണമെന്ന് ഹിന്ദുസംഘടന  മൊറാദാബാദ് പൊലീസിനോടാവശ്യപ്പെട്ടു. ''ഭര്‍ത്താവ് വിവാഹമോചനം  ആവശ്യപ്പെടുമ്പോഴെല്ലാം, യോഗി എന്റെ കൂടെയുണ്ടെന്ന് ഞാന്‍ പറയുമായിരുന്നു. ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. യോഗി ജിക്ക് മാത്രമാണ് ഞാന്‍ വോട്ട് ചെയ്തത്. ഇതില്‍ എന്റെ അനിയത്തിക്ക് വല്ലാത്ത ദേഷ്യമായിരുന്നു. പിന്നീട് ഭര്‍ത്താവ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചു. എനിക്ക് നീതി വേണം'' യുവതി പറഞ്ഞു.

 സന ഇറാം എന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2019 ഡിസംബര്‍ ഏഴിനാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കോട്‌വാലി പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചതായി സിറ്റി എസ്പി അഖിലേഷ് ബദൗരിയ സ്ഥിരീകരിച്ചു.  ഭര്‍ത്താവ് നദീമിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്‌തെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു

Tags