
കര്‍ണാടകയില്‍ വാട്സ്ആപ്പ് സ്റ്റാറ്റസിന്റെ പേരില്‍ അക്രമം നടത്തിയ 40 പേര് അറസ്റ്റില്‍. ഹുബ്ബള്ളിയില്‍ പൊലീസ് സ്റ്റേഷന് നേരെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. സ്റ്റേഷന് പുറത്ത് കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. വാട്സ്ആപ്പ് സ്റ്റാറ്റസില്‍ ഒരു യുവാവ് മക്കയിലെ മസ്ജിദിന് മുകളില്‍ കാവി പതാക പാറുന്ന വ്യാജചിത്രം ഇട്ടതാണ് പ്രകോപനമായത്. സ്റ്റാറ്റസില്‍ ആക്ഷേപകരവും മോര്‍ഫ് ചെയ്തതുമായ ഫോട്ടോ പോസ്റ്റ് ചെയ്തതായി ആരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഘര്‍ഷം ആയതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും, കണ്ണീര് വാതകവും, റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഏപ്രില്‍ 20 വരെ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി