ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : മാർഗരറ്റ് ആൽവയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എ.എ.പി

google news
AAP

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി(എ.എ.പി) പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവക്ക് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് മാർഗരറ്റ് ആൽവയെ പിന്തുണയ്ക്കാൻ പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഏകകണ്ഠമായി തീരുമാനിച്ചതെന്ന് എ.എ. പി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്ങ്‍ വ്യക്തമാക്കി.

ബി.എസ്.ബി എൻ.ഡി.എ സ്ഥാനാർഥിയായ ജഗ്ദീപ് ധൻകറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തേ ബി.ജെ.ഡിയും ധൻഖറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം.

ആഗസ്റ്റ് 16നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും. ബി.ജെ.പിക്ക് ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 91 അംഗങ്ങളും പിന്തുണ ഉള്ളതിനാൽ ധൻഖറിന് മൂന്നിൽ രണ്ട് വോട്ടുകളുടെ പിന്തുണയോടെ വിജയിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ.
 

Tags