ഉത്തർപ്രദേശിൽ വീട്ടിൽ അതിക്രമിച്ച് കയറി കുടുംബത്തിലെ അഞ്ച് പേരെ കുത്തിക്കൊന്നു : കൊല്ലപ്പെട്ടവരിൽ പിഞ്ചുകുഞ്ഞും
stabbed

അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി ഒരു കുടുംബത്തിലെ അഞ്ച് പേരെ കുത്തിക്കൊലപ്പെടുത്തി. രാംകുമാർ യാദവ് (55), ഭാര്യ കുസുംദേവി (50), മകൾ മനീഷ (25), മരുമകൾ സവിത (30), സവിതയുടെ രണ്ട് വയസ് മാത്രം പ്രായമുള്ള മകൾ സാക്ഷി എന്നിവരാണ് മൃ​ഗീയമായി കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ഖേവ്‌രാജ്പുർ എന്ന സ്ഥലത്താണ് സംഭവം.

അഞ്ച് പേരെയും കൊലപ്പെടുത്തിയതിന് ശേഷം അക്രമികൾ വീടിന് തീയിടുകയും ചെയ്തു. പുലർച്ചെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരനാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഐജി, എസ്‌പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

രാജ്‌കുമാറിന്‍റെ മകൻ സുനിൽ പുറത്തുപോയിരുന്ന സമയത്താണ് അക്രമികൾ കൊലപാതകങ്ങൾ നടത്തിയത്. സംഭവം അറിഞ്ഞ് ഇവിടെയെത്തിയ പ്രദേശവാസികൾ മനീഷയുടേയും സവിതയുടേയും വസ്ത്രങ്ങൾ അലങ്കോലമായ നിലയിലാണ് കണ്ടെത്തിയത്. അതിനാൽ കൊലപാതകത്തിന് മുൻപ് ഇരുവരെയും അക്രമികൾ കൂട്ടബലാത്സംഗം ചെയ്‌തിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. തർവായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കുറ്റകൃത്യം നടക്കുമ്പോൾ വീട്ടിലില്ലാതിരുന്ന യാദവിന്റെ മകൻ സുനിൽ (30) അന്വേഷണത്തോട് നല്ലനിലയിൽ സഹകരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പ്രയാഗ്‌രാജിലെ ഖഗൽപൂർ ഗ്രാമത്തിൽ ദിവസങ്ങൾക്ക് മുൻപ് സമാന സംഭവം നടന്നിരുന്നു. അന്ന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

Share this story