പാർട്ടി കൈവിട്ടുപോകുമെന്ന ഭീതിയിൽ ഉദ്ധവ് : വിമത ക്യാമ്പിൽ എംഎൽഎമാർ 50 കടന്നു

google news
udhav takerey

മുംബൈ: മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേനയെ തന്നെ പൂര്‍ണ്ണമായും വിമത പക്ഷം വിഴുങ്ങുമെന്ന ഭീതിയിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരും ബഹുഭൂരിപക്ഷം എംപിമാരും ഇതിനോടകം ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പം ചേര്‍ന്നു. ഗുവാഹട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള വിമത എംഎല്‍എമാരുടെ എണ്ണം ഇന്ന് ഉച്ചയോടെ 50 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ രാത്രി രണ്ടുപേര്‍ വന്നതടക്കം നിലവില്‍ 47 എംഎല്‍എമാര്‍ ഹോട്ടലിലുണ്ട്. മൂന്ന് എംഎല്‍എമാര്‍ കൂടി സൂറത്തില്‍ നിന്ന് ഗുവാഹട്ടിയിലേക്ക് തിരിച്ചിട്ടുണ്ട്. ഹോട്ടലിലുള്ള 47 എംഎല്‍എമാരില്‍ 37 പേര്‍ ശിവസേനയില്‍ നിന്നുള്ളവരാണ്. ബാക്കി പ്രഹാര്‍ സംഗതന്‍ പാര്‍ട്ടിയുടേയും സ്വതന്ത്ര എംഎല്‍എമാരുമാണ്.

ശിവസേനയിലെ 40 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് ഏക്‌നാഥ് ഷിന്ദേ അവകാശപ്പെട്ടു. ആകെ 55 എംഎല്‍എമാരാണ് മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനക്കുള്ളത്. കൂടാതെ പാര്‍ട്ടിയുടെ ബഹുഭൂരിപക്ഷം എംപിമാരും താക്കറെ കുടുംബത്തെ ഉപേക്ഷിച്ചിട്ടുണ്ട്. 19 ലോക്‌സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരുമാണ് ശിവസേനക്കുള്ളത്. ഇവരില്‍ മിക്കവരും ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പാര്‍ട്ടി സാമാജികര്‍ ഒന്നടങ്കം കൈവിട്ടതിന് പിന്നാലെ ഉദ്ധവ് താക്കറെ ശിവസേനയുടെ ജില്ലാ മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ എത്രപേര്‍ പങ്കെടുക്കുമെന്നതും അവരുടെ നിലപാടുകളും നിര്‍ണായകമാകും. ഷിന്ദേയും വിമതരും ശിവസേനയുടെ പാര്‍ട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച് നീക്കങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാണ് ഉദ്ധവിന്റെ യോഗം. ഇന്നലെ രാത്രി സോണല്‍ മേധാവിമാരുടെ യോഗം വിളിച്ചിരുന്നു അദ്ദേഹം.

ഇതിനിടെ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശിവസേനയുടെ 60 കൗണ്‍സിലര്‍മാര്‍ ഷിന്ദേയ്ക്ക് പിന്തുണയര്‍പ്പിച്ചതായും വിവരമുണ്ട്.

'ഞങ്ങളുടെ നിലപാടില്‍ വിശ്വാസമുള്ളവര്‍ ഞങ്ങളോടൊപ്പം ചേരും. ബാലാസാഹെബ് താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അത് ഇഷ്ടപ്പെടുന്നവര്‍ വരും' ഏക്‌നാഥ് ഷിന്ദേ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിമതര്‍ ശിവസേന വിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags