യുപിയിൽ മതപരമായ ഘോഷയാത്രകൾക്ക് അനുമതി നിർബന്ധം : യോഗി ആദിത്യനാഥ്

google news
യോഗി മത്സരിക്കുന്നത് ഗൊരഖ്പുരില്‍ : ബിജെപി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

ലഖ്‌നൗ: ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിൽ അടുത്തിടെയുണ്ടായ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ യുപിയിൽ മതപരമായ ഘോഷയാത്രകളും പ്രകടനങ്ങളും നടത്തുന്നതിന് അനുമതി നിർബന്ധമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച രാത്രി ചേർന്ന ക്രമസമാധാന അവലോകന യോഗത്തിലാണ് തീരുമാനം.

ഈദ്, അക്ഷയ തൃതീയ എന്നീ ആഘോഷങ്ങൾ അടുത്ത മാസം ആദ്യം ഒരേ ദിവസം വരാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതായി യുപി സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു. ശരിയായ അനുമതിയില്ലാതെ മതപരമായ ഘോഷയാത്രകളും മാർച്ചുകളും അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.

അനുമതി നൽകുന്നതിന് മുമ്പ് എല്ലാ സംഘാടകരും സമാധാനവും ഐക്യവും നിലനിർത്തുമെന്ന് ഉറപ്പ് നൽകുന്ന സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്. മതപരമായ പരമ്പരാഗത ആഘോഷങ്ങൾ മാത്രമേ അനുവദിക്കൂ എന്നും പുതിയ പരിപാടികൾക്ക് അനുമതി നൽകില്ലെന്നും അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റിൽ പറയുന്നു.

പുതിയ സ്‌ഥലങ്ങളിൽ മൈക്രോഫോണുകൾക്ക് അനുമതി നൽകില്ല, ഇതിനകം ഉച്ചഭാഷിണി ഉപയോഗിക്കുന്നവർ ആരെയും ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഇത് പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. നിയുക്‌ത സ്‌ഥലങ്ങളിലും റോഡ് റൂട്ടുകളിലും മാത്രമേ മതപരമായ പരിപാടികൾ അനുവദിക്കൂ, ഗതാഗതം തടയില്ല.

സംസ്‌ഥാനത്തെ എല്ലാ പോലീസ്, അഡ്‌മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്‌ഥരുടെയും അവധി മെയ് 4 വരെ സർക്കാർ റദ്ദാക്കുകയും അവധിയിലുള്ള എല്ലാവരോടും 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌തു. വരാനിരിക്കുന്ന ഉൽസവങ്ങളിൽ സമാധാനം ഉറപ്പാക്കാൻ മതനേതാക്കളുമായും പ്രമുഖരുമായും അടുത്ത 24 മണിക്കൂറിനുള്ളിൽ സംഭാഷണം നടത്താൻ പോലീസ് സ്‌റ്റേഷൻ മുതൽ അഡീഷണൽ ഡയറക്‌ടർ ജനറൽ (എഡിജി) തലം വരെയുള്ള ഉദ്യോഗസ്‌ഥർക്ക് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.

Tags