മമതാ ബാനർജിക്ക് വേണ്ടിയുള്ള പുതിയ ക്യാംപെയിൻ തുടങ്ങാൻ തൃണമൂല്‍ കോണ്‍ഗ്രസ്
റിപബ്ലിക് പരേഡിന് പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയ സംഭവം : കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: മമതാ ബാനർജിക്ക് വേണ്ടിയുള്ള പുതിയ ക്യാംപെയിൻ തുടങ്ങാൻ തൃണമൂല്‍ കോണ്‍ഗ്രസ്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി രാഷ്‌ട്രീയത്തില്‍ നാല് പതിറ്റാണ്ട് പിന്നിടുന്ന മമതയെ രാജ്യത്തെ ആദ്യ ബംഗാളി പ്രധാനമന്ത്രിയാക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരംഭിച്ച പുതിയ വെബ്‌സൈറ്റിലൂടെയാണ് ‘ദീദിയെ ഇന്ത്യക്ക് വേണം’ എന്ന പേരിൽ ക്യാംപെയിന്‍ നടക്കുക. പൂര്‍ണമായും ഡിജിറ്റലായി നടക്കുന്ന ക്യാംപെയിനില്‍ രാജ്യമെമ്പാടുമുള്ള ജനങ്ങളുമായി സംവദിക്കാനാകുമെന്നും, ആശയങ്ങളും നേട്ടങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്നും ടിഎംസി പറഞ്ഞു.

അതേസമയം വീണ്ടും പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് മൽസരിക്കുമെന്ന സൂചന നൽകി നരേന്ദ്രമോദി രംഗത്ത് വന്നിരുന്നു. തുടങ്ങിവച്ച പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്ക് വിശ്രമിക്കാൻ സാധിക്കില്ലെന്നാണ് മോദിയുടെ പ്രസ്‌താവന.

രണ്ടുതവണ പ്രധാനമന്ത്രിയായത് വലിയൊരു നേട്ടമാണെന്നാണ് ഒരു മുതിർന്ന നേതാവിന്റെ നിരീക്ഷണം. എന്നാല്‍ തന്നെ രൂപപ്പെടുത്തിയത് ഗുജറാത്തിന്റെ മണ്ണാണ്. സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണ് പക്ഷേ, ഇപ്പോള്‍ വിശ്രമിക്കാറായിട്ടില്ല. പരിപൂര്‍ണതയാണ് തന്റെ സ്വപ്‌നം. 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കുന്നത് വരെ തനിക്ക് വിശ്രമിക്കാൻ സാധിക്കില്ലെന്നും മോദി പറഞ്ഞു.

രാജ്യത്തിനായി ഇതുവരെ നേടിയതൊക്കെ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു. എന്നാല്‍, ഞാനിവിടെ രാഷ്‌ട്രീയം കളിക്കാനല്ല, രാജ്യത്തെ ജനങ്ങളെ സേവിക്കാനാണ് വന്നത് എന്നും മോദി കൂട്ടിച്ചേർത്തു.

Share this story