മന്ത്രിയുടെ ഘോഷയാത്രക്കിടെ ഗതാഗതക്കുരുക്ക് ; ആന്ധ്രാപ്രദേശിൽ ചികിൽസ കിട്ടാതെ കുഞ്ഞ് മരിച്ചു

google news
bb

അമരാവതി : മന്ത്രിയുടെ വിജയാഘോഷ യാത്രക്കിടെ ഗതാഗതക്കുരുക്കിൽ പെട്ട് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. രോഗിയായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ആന്ധ്രാപ്രദേശിലെ അനന്ദ്‌പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം.

വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ഉഷശ്രീ ചരണിന്റെ വിജയാഘോഷ യാത്ര കടന്നുപോകാനായി പോലീസ് വാഹനങ്ങൾ തടഞ്ഞുനിർത്തിയിരുന്നു. ഇതിനിടെ ആശുപത്രിയിലേക്ക് കുഞ്ഞുമായി പുറപ്പെട്ട കുടുംബവും ഗതാഗതക്കുരുക്കിൽ പെട്ടു. വെള്ളിയാഴ്‌ച വൈകുന്നേരം 6.30ഓടെയായിരുന്നു സംഭവം. കുഞ്ഞിന് ശാരീരികാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കളായ ഗണേഷും ഈശ്വരമ്മയും ആംബുലൻസ് വിളിച്ചെങ്കിലും മന്ത്രിയുടെ ഘോഷയാത്ര കാരണം ആംബുലൻസ് എത്തിയില്ല. തുടർന്ന് കുഞ്ഞുമായി ഓട്ടോയിൽ ആശുപത്രിയിലേക്ക് തിരിച്ചു.

എന്നാൽ, ഘോഷയാത്രയുടെ നിയന്ത്രണങ്ങൾ കാരണം പോലീസ് ഓട്ടോ തടയുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കടത്തിവിടാതിരുന്നതിനാൽ ഒരു സ്‌കൂട്ടറിൽ കുഞ്ഞിനെ കല്യാൺദുർഗിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മന്ത്രിയുടെ ഘോഷയാത്ര കാരണമാണ് കുഞ്ഞ് മരിച്ചതെന്ന് ആരോപിച്ച് വെള്ളിയാഴ്‌ച കൈക്കുഞ്ഞിനെ മൃതദേഹവുമായി കല്യാൺദുർഗിലെ അംബേദ്‌കർ പ്രതിമക്ക് സമീപം മാതാപിതാക്കൾ പ്രതിഷേധിച്ചിരുന്നു.

സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. കുട്ടിയുടെ മരണം മന്ത്രി നടത്തിയ കൊലപാതകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന ഘോഷയാത്രയെ പോലീസ് സഹായിച്ചെന്ന് ആരോപിച്ച് ടിഡിപി നേതാവും മുൻ മന്ത്രിയുമായ കലവ ശ്രീനിവാസുലുവും രംഗത്തെത്തി. നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചികിൽസാ അത്യാഹിതങ്ങളിൽ ആളുകളെ സഹായിക്കുകയും ചെയ്യേണ്ടത് പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. വൈഎസ്‌ആർ കോൺഗ്രസ് പാർട്ടിയുടെ നേതാവാണ് ഉഷശ്രീ ചരൺ.

Tags