ഭര്‍ത്താവിന് കാമുകിയെ വിവാഹം കഴിച്ചു നല്‍കി യുവതി
marriage

ആന്ധ്രാപ്രദേശില്‍ നിന്നും വരുന്നത് ശ്രദ്ധേയമായ ഒരു വാര്‍ത്തയാണ്. ഭാര്യ മുന്‍കയ്യെടുത്ത്, യുവാവിന് കാമുകിയെ വിവാഹം ചെയ്തു കൊടുത്തു
സാമൂഹിക മാധ്യമങ്ങളിലെ താരമാണ് തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗറിലെ കല്യാണ്‍. ടിക് ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. വിവാഹത്തിനു ശേഷം ഇവര്‍ രണ്ടു പേരും ചേര്‍ന്നു ചെയ്ത വീഡിയോകളെല്ലാം വൈറലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിമലയെ കാണാന്‍ വിശാഖപട്ടണത്തു നിന്നും നിത്യശ്രീയെന്ന യുവതിയെത്തി.
കല്യാണിന്റെ മുന്‍ കാമുകിയായിരുന്നുവെന്നും ചില പ്രശ്‌നങ്ങളുടെ പേരില്‍ വേര്‍പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ മറ്റൊരാളെ ജീവിതത്തിലേയ്ക്ക് ക്ഷണിച്ചിരുന്നില്ല. ഏറെ വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കല്യാണിന്റെ മേല്‍വിലാസം കണ്ടെത്തി അന്വേഷിച്ചെത്തിയത്. ഈ കഥകളെല്ലാം നിത്യശ്രീ വിമലയെ ധരിപ്പിച്ചു. കല്യാണിനെ പിരിയാന്‍ സാധിയ്ക്കില്ലെന്നും പറഞ്ഞു.
പിന്നീട് വളരെ വേഗത്തിലായിരുന്നു കാര്യങ്ങള്‍. ബന്ധുക്കളെല്ലാം എതിര്‍ത്തെങ്കിലും വിമല തന്നെ, മുന്‍കയ്യെടുത്ത് വിവാഹത്തിനുള്ള മുഴുവന്‍ ഏര്‍പ്പാടുകളും ചെയ്തു. വിവാഹം കഴിഞ്ഞാലും തന്നെ ഒഴിവാക്കരുതെന്ന ഒരു ഉറപ്പു മാത്രം ഇരുവരില്‍ നിന്നും വിമല വാങ്ങി. അങ്ങിനെ കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തില്‍ വച്ച് കല്യാണ്‍ നിത്യശ്രീയ്ക്ക് മിന്നു ചാര്‍ത്തി. സാക്ഷിയായി ഭാര്യ വിമലയും.

Share this story