ചീറ്റപുലികളെ വരവേല്‍ക്കാനൊരുങ്ങി രാജ്യം

google news
cheetah

ചീറ്റപ്പുലികളെ വരവേല്‍ക്കാനൊരുങ്ങി രാജ്യം. നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിടും. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് ചീറ്റുകളെ തുറന്നുവിടുന്നത്.

വംശനാശം നേരിട്ട ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടിന് ശേഷമാണ് തിരിച്ചുവരുന്നത്. നമീബിയന്‍ കാടുകളില്‍ നിന്ന് എട്ടു ചീറ്റകളാണ് കുനോ വനത്തില്‍ വിഹരിക്കുക. ചീറ്റകള്‍ക്ക് ജീവിക്കാന്‍ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറില്‍ നിന്ന് അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയും ഹെലികോപ്റ്ററിലാണ് കുനോയില്‍ എത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ അവതരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പതിനാറ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാനുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2009ല്‍ ആവിഷ്‌കരിച്ച പദ്ധതിയിലാണ് ചീറ്റുകളെ വീണ്ടും അവതരിപ്പിക്കുന്നത്.

Tags