പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവില്‍ ക്വാറി ഉടമകള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

supreme court

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകള്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും. നേരത്തെ കേസില്‍ വാദം കേട്ട കോടതി നിലവില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന്  വ്യക്തമാക്കിയിരുന്നു.

പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രകാരം കഴിയില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം  അറിയിച്ചിട്ടുണ്ട്. നിലവിലെ  വസ്തുതകള്‍ കണക്കിലെടുത്ത് 1964 ലെ ഭൂ പതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരുമെന്ന്  സംസ്ഥാനം വ്യക്തമാക്കിയിരുന്നു.

നിലനില്‍ക്കുന്ന ചട്ട പ്രകാരം കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്‍കാന്‍ കഴിയൂ. പട്ടയ ഭൂമിയില്‍ വീട് വയ്ക്കുന്നതിനും, കാര്‍ഷിക ആവശ്യങ്ങള്‍ക്കും മാത്രമാണ് അവകാശം. എന്നാല്‍ ഖനനം ഉള്‍പ്പടെ ഭൂമിയ്ക്ക് താഴെയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് പട്ടയ ഭൂമി കൈമാറാന്‍ 1964 ലെ ചട്ടങ്ങളില്‍ വ്യവസ്ഥ ഇല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്നവരുടെ പട്ടയം റദ്ദാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നല്‍കിയ പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതത്.

Share this story