ശിവാജി പാര്‍ക്കില്‍ ദസറെ റാലി സംഘടിപ്പിക്കാന്‍ താക്കറെ വിഭാഗത്തിന് അനുമതി

google news
കെസിആറിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

ശിവാജി പാര്‍ക്കില്‍ ദസറെ റാലി സംഘടിപ്പിക്കാന്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുളള ശിവസേനയ്ക്ക് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. പാര്‍ട്ടിയിലെ അവകാശവാദ തര്‍ക്കത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഹര്‍ജി പരിഗണിക്കരുതെന്ന ഷിന്‍ഡെ വിഭാഗത്തിന്റെ ആവശ്യം കോടതി തളളി.
മുംബൈ പൊലീസ് ആരോപിച്ച ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ശിവാജി പാര്‍ക്കില്‍ ദസറെ റാലി നടത്തുന്നതിലുളള അനുമതി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ താക്കറെ ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് നിഷേധിച്ചിരുന്നു. ബി എം സിയുടെ ഈ തീരുമാനത്തെ താക്കറെ വിഭാഗം വെല്ലുവിളിച്ചിരുന്നു.
ബി എം സിയുടെ ഉത്തരവ് നിയമ വ്യവസ്ഥയുടെ ദുരുപയോഗമാണെന്ന് കോടതി പറഞ്ഞു. പ്രസ്തുത ഹര്‍ജിയുടെ മറവില്‍ പാര്‍ട്ടിയില്‍ അവകാശവാദം ഉന്നയിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്ന് ഷിന്‍ഡെ വിഭാഗം എംഎല്‍എ സദാ സവര്‍ക്കര്‍ ആരോപിച്ചു. താക്കറയുടെ നേതൃത്വത്തിലുളള ശിവസേന വിഭാഗം കോടതി വിധിയെ സ്വാഗതം ചെയ്തു. ജുഡീഷ്യറിയിലുളള തങ്ങളുടെ വിശ്വാസം ശരിയാണെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. കൂടാതെ ഈ വര്‍ഷത്തെ റാലി ഗംഭീരമാക്കുമെന്ന് പാര്‍ട്ടി വക്താവ് മനീഷ കയാന്‍ഡെ പറഞ്ഞു. ബിഎംസിയ്ക്ക് ഏതെങ്കിലും രീതിയിലുളള സമ്മര്‍ദം ഉണ്ടായതുകൊണ്ടാണ് തങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Tags