'ഒരുദിവസം അവധിയെടുത്ത് ജന്മദിനം ആസ്വദിക്കൂ സര്‍'; പ്രധാനമന്ത്രിയോട് ഷാരൂഖ് ഖാന്‍ഇന്ന് എഴുപത്തി രണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ- സിനിമാ- കായിര രംഗത്തുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ കുറിച്ച ആശംസ സന്ദേശമാണ് ശ്രദ്ധനേടുന്നത്. 

ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായുള്ള മോദിയുടെ സമര്‍പ്പണം വളരെ വിലമതിക്കുന്നുവെന്ന് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു. ജന്മദിനം ആസ്വദിക്കാന്‍ ഒരു ദിവസം അവധിയെടുക്കൂ എന്നും ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ടാഗ് ചെയ്താണ് ഷാരൂഖ് ഖാന്‍ ആശംസ നേര്‍ന്നത്. 

'നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിങ്ങളുടെ സമര്‍പ്പണം വളരെ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാന്‍ നിങ്ങള്‍ക്ക് ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ. ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ സര്‍. ജന്മദിനാശംസകള്‍ നരേന്ദ്ര മോദി', എന്നാണ് ഷാരൂഖ് കുറിച്ചത്. രാവിലെ മുതല്‍ നിരവധി പേരാണ് മോദിക്ക് ആശംസയുമായി എത്തിയത്. അക്ഷയ് കുമാര്‍, കങ്കണ റണൗട്ട്, അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, അനില്‍ കപൂര്‍, അജയ് ദേവഗണ്‍, കരണ്‍ ജോഹര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങിയ നിരവധി പേര്‍ ആശംസ അറിയിച്ചിട്ടുണ്ട്. 

മലയാളി താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവരും മോദിക്ക് ആശംസകളുമായി രംഗത്തെത്തി. 'നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്‌നേഹവും നേരുന്നു. നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും കൂടുതല്‍ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വര്‍ഷം ഉണ്ടാകട്ടെ', എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 

'നമ്മുടെ ചലനാത്മകവും ദീര്‍ഘവീക്ഷണമുള്ളതുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍. രാഷ്ട്രത്തെ നിസ്വാര്‍ത്ഥമായി സേവിക്കാന്‍ താങ്ങള്‍ക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു', എന്നാണ് സുരേഷ് ഗോപി കുറിച്ചത്. 

Share this story