ആരോഗ്യ പ്രശ്‍നം : വ്യാഴാഴ്ച ചോദ്യംചെയ്യലിന് എത്തില്ലെന്ന് സോണിയാ ഗാന്ധി ഇ ഡിയ്ക്ക് കത്ത് നൽകി
soniya

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വ്യാഴാഴ്ച ചോദ്യംചെയ്യലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകില്ല. ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഇ.ഡിയ്ക്ക് കത്ത് നൽകിയിരിക്കുന്നത്.

കോൺഗ്രസ് വക്താവ് ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ സോണിയാഗാന്ധി നേരിടുന്നുണ്ട്. ചോദ്യംചെയ്യൽ കുറച്ച് ആഴ്ചകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇ.ഡിയ്ക്ക് കത്തയച്ചിട്ടുണ്ട്. സോണിയാഗാന്ധി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഇളവ് വേണമെന്നാണ് കത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ കോവിഡ് ബാധിച്ചിരുന്ന സോണിയാ ഗാന്ധിയെ പിന്നീട് കോവിഡ് അനന്തര രോഗങ്ങളെത്തുടർന്ന് ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനുശേഷം മൂക്കിൽ നിന്ന് രക്തം വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തി. രണ്ട് ദിവസം മുമ്പായിരുന്നു സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തത്.

ജൂണ്‍ എട്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി ആദ്യം സോണിയാ ഗാന്ധിയ്ക്ക് നോട്ടീസയച്ചത്. എന്നാല്‍ സോണിയ ഗാന്ധി ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 23ന് ഹാജരാകണമെന്ന് കാണിച്ച് പുതിയ നോട്ടീസ് അയക്കുകയായിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ (എ.ജെ.എല്‍.) ബാധ്യതകളും ഓഹരികളും സോണിയാഗാന്ധിയും രാഹുലും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്.

Share this story