ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണു; കൊടൈക്കനാലില്‍ യുവാവിനെ കാണാനില്ല
missing
വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

 തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 26കാരന്‍ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായി. വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാവ്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. അജയ് പാണ്ഡ്യന്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യുവാവിന്റെ സുഹൃത്താണ് ക്യാമറയില്‍ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

കൊടൈക്കനാലിലെ വെള്ളച്ചാട്ടത്തിന്റെ അരികിലുള്ള പാറയില്‍ ഇരുന്നു ചിത്രത്തിന് പോസ് ചെയ്യുന്നതിനിടെയാണ് അപകടം. വീഡിയോ റെക്കോര്‍ഡുചെയ്യുന്ന സുഹൃത്തിനോട് മുന്‍വശത്ത് വന്ന് വെള്ളച്ചാട്ടത്തിന്റെ ആഴം കാണത്തക്കവിധം ഫോട്ടോയെടുക്കാന്‍ ഇയാള്‍ ആംഗ്യം കാണിക്കുന്നു. തുടര്‍ന്ന് സുഹൃത്ത് നിര്‍ബന്ധിക്കുകയും വെള്ളച്ചാട്ടത്തിന്റെവഴുവഴുപ്പുള്ള പാറയിലേക്ക് കയറുകയും ചെയ്തു. അപകട സാധ്യതയുള്ള സ്ഥലത്തെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷം വെള്ളച്ചാട്ടത്തിന് അഭിമുഖമായി തിരിഞ്ഞു നില്‍ക്കുന്നതിനിടെ കാല്‍ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.

പാറയില്‍ പിടിച്ച് മുകളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും താഴെ വെള്ളച്ചാട്ടത്തിലേക്ക് വീണു. വെള്ളത്തിന്റെ ശക്തിയില്‍ യുവാവ് തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ലോക്കല്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും  അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. 
കാരക്കുടി സ്വദേശി അജയ് പാണ്ഡ്യന്‍ സുഹൃത്തുക്കളോടൊപ്പമാണ് കൊടൈക്കനാലിലെത്തിയത്. കൊടൈക്കനാലിന് സമീപത്തെ താണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റിലാണ് അജയ് ജോലി ചെയ്തിരുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് അപകടം.

Share this story