വോട്ടർ പട്ടിക പരിശോധിക്കാനായി ശശി തരൂർ എഐസിസി ആസ്ഥാനത്ത്
shashi tharoor

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കെ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. വോട്ടർ പട്ടിക പരിശോധിക്കാനാണെത്തിയത് എന്നാണ് വിവരം. അതേസമയം, രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന നിർദ്ദേശമാണ് ശശി തരൂർ മുന്നോട്ട് വെക്കുന്നത്. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുമില്ലെങ്കിൽ മത്സരിക്കും എന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ് തരൂർ. തരൂരിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നും ഔദ്യോഗിക പിന്തുണയുണ്ടാവില്ലെന്നും എഎൈസിസി വൃത്തങ്ങൾ വ്യക്തമാക്കി.

തിങ്കളാഴ്ച സോണിയ ഗാന്ധിയെ കണ്ട് നിലപാടറയിച്ച ശശി തരൂർ തല്‍ക്കാലം മൗനത്തിലാണ്. ഇപ്പോൾ പരസ്യപ്രതികരണത്തിനില്ലെന്നാണ് തരൂർ പറഞ്ഞത്. സോണിയ ഗാന്ധിയെ കണ്ടപ്പോൾ തരൂർ മൂന്ന് നിർദ്ദേശങ്ങൾ വച്ചു എന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ഒന്ന്, രാഹുൽ ഗാന്ധി അധ്യക്ഷനാകുക. രണ്ട്, രാഹുൽ തയ്യാറല്ലെങ്കിൽ പ്രിയങ്ക ഗാന്ധി ഇതേറ്റെടുക്കണം. മൂന്ന്, രണ്ട് പേരും തയ്യാറല്ലെങ്കിൽ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണം എന്നെല്ലാമായിരുന്നു തരൂർ മുന്നോട്ട് വെച്ച മൂന്ന് നിർദ്ദേശങ്ങൾ. എന്നാൽ തനിക്ക് തുടരാൻ കഴിയില്ലെന്ന നിലപാടാണ് സോണിയ ഗാന്ധി അറിയിച്ചത്.

Share this story