രാഹുലിന് പിന്തുണയുമായി സച്ചിൻ പൈലറ്റ്
രാഹുല്‍ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് സച്ചിന്‍ പൈലറ്റ്

രാഹുൽ ​ഗാന്ധി കോൺ​ഗ്രസ് അദ്ധ്യക്ഷനാകുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് സച്ചിൽ പൈലറ്റ്. ചിന്തൻ ശിബിരം ശ്രമിക്കുന്നത് തകർന്നുകിടക്കുന്ന പാർട്ടിയുടെ പുരനുജ്ജീവനത്തിന് വേണ്ടിയാണ്. പൂർണമായ പൊളിച്ചെഴുത്താണ് പാർട്ടിയിൽ വേണ്ടത്. ജി 23 നേതാക്കൾ ഉന്നയിച്ച പ്രശ്നങ്ങളിൽ ഉൾപ്പടെ ചർച്ചകൾ നടന്നിട്ടുണ്ട്.

ചിന്തൻ ശിബിരം നടക്കുന്ന ഉദയ്പൂരിലെ വേദിയിൽ രാഹുൽ ​ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാനായി കോൺ​ഗ്രസ് പ്രവർത്തകർ ഗണപതി ഹോമവും പൂജയും നടത്തിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഹോമവും പൂജയും നടത്തുന്നതെന്ന് പൂജ നടത്തുന്ന ജ​ഗദീശ് ശർമ്മ ട്വന്റിഫോറിനോട് പ്രതികരിച്ചു. മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ നടത്തുന്നത്.

ഗണപതി ഹോമം നടത്തുന്നത് രാഹുൽ ​ഗാന്ധിക്ക് കരുത്ത് പകരാനാണെന്നും മുതിർന്ന നേതാക്കൾ പറയുന്നു. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പൂജകൾ നടത്തി കോൺ​ഗ്രസിനെ രക്ഷിക്കാൻ പരിശ്രമിക്കുമെന്നാണ് ജ​ഗദീശ് ശർമ്മ പറയുന്നത്. ഇന്ത്യയുടെ പല ഭാ​ഗങ്ങളിലും രാഹുൽ ​ഗാന്ധിക്കായി പൂജകൾ നടക്കുമെന്നാണ് ജ​ഗദീശ് ശർമ്മയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

കോൺഗ്രസ് അധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. വിഷയത്തിൽ നിലപാട് അറിയിക്കുന്നില്ലെന്നും, പാർട്ടി ശാക്തീകരണ ചർച്ച തുടരട്ടെയെന്നും രാഹുൽ പറഞ്ഞു. അതേസമയം ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാന ഭാരവാഹികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ചിന്തൻ ശിബിർ ഉദയ്പൂരിൽ തുടരുകയാണ്.

രാവിലെ 10 മണിക്കാണ് രാഹുൽ ഗാന്ധി പാർട്ടി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവികൾ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ചിന്തൻ ശിബിരത്തിന്റെ ഭാഗമായിരുന്നു യോഗം. നേരത്തെ കോൺഗ്രസിന്റെ പ്രവർത്തനശൈലിയിൽ സമൂലമായ മാറ്റം അനിവാര്യമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.

Share this story