ലക്ഷദ്വീപ് കളക്ടര്‍ക്ക് സ്ഥലം മാറ്റം
collector
ദ്വീപ് നിവാസികള്‍ സന്തോഷം പ്രകടിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.

കേന്ദ്ര സിവില്‍സര്‍വീസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ലക്ഷദ്വീപ് കലക്ടറെ സ്ഥലം മാറ്റി. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ പരസ്യമായി തന്നെ പ്രതിരോധിക്കാന്‍ ഇറങ്ങിയ കലക്ടര്‍ അസ്‌കര്‍ അലിക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായ ദാദ്രാ നാഗര്‍ ഹവേലി, ദാമന്‍ ദിയു പ്രദേശങ്ങളുടെ ചുമതലയിലേക്കാണ് മാറ്റം. സലോനി റായ്, രാകേഷ് മിന്‍ഹാസ് എന്നിവര്‍ക്കാണ് പകരം ചുമതല. അസ്‌കര്‍ അലിക്ക് പുറമേ ലക്ഷദ്വീപില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ സച്ചിന്‍ ശര്‍മ്മയ്ക്കും അമിത് വര്‍മ്മയ്ക്കും സ്ഥലം മാറ്റമുണ്ട്. ഇവരെ ഡല്‍ഹിയുടെ ചുമതലയിലേക്കാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്ക് പകരമായി ഡാമന്‍ ദിയു, ദാദ്രാ നാഗര്‍ ഹവേലി ദ്വീപുകളില്‍ നിന്നുള്ള വിഎസ് ഹരീശ്വര്‍ ചുമതലയേല്‍ക്കും.
കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ പരിഷ്‌കരണ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയും വിമര്‍ശനങ്ങളെ നിരന്തരം പ്രതിരോധിക്കുകയും ചെയ്ത കലക്ടറായിരുന്നു എസ് അസ്‌കര്‍ അലി.
ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരെ കടുത്ത പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. കലക്ടര്‍ക്ക് സ്ഥലം മാറ്റം അനുവദിച്ചതോടെ ദ്വീപ് നിവാസികള്‍ സന്തോഷം പ്രകടിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.
 

Share this story