രാഷ്ട്രപത്‌നി' പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു

google news
president
തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും ഇക്കാര്യം രാഷ്ട്രപതി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപത്‌നി' പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് എം പി അധിര്‍ രഞ്ജന്‍ ചൗധരി. ദ്രൗപതി മുര്‍മുവിനെ 'രാഷ്ട്രപത്‌നി' എന്ന് വിളിച്ച് അപമാനിച്ച സംഭവത്തില്‍ രേഖാമൂലമാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും ഇക്കാര്യം രാഷ്ട്രപതി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദ്രൗപദി മുര്‍മുവിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
'നിങ്ങള്‍ വഹിക്കുന്ന സ്ഥാനത്തെ വിശേഷിപ്പിക്കുന്നതിനിടെ തെറ്റായ പദം ഉപയോഗിച്ചതില്‍ ഖേദിക്കുന്നു. അതൊരു നാക്ക് പിഴയായിരുന്നു. മാപ്പ് ചോദിക്കുന്നു. എന്റെ മാപ്പ് അപേക്ഷ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു' എന്നുമാണ് അധിര്‍ രഞ്ജന്‍ ചൗധരി കത്തില്‍ പറഞ്ഞിരിക്കുന്നത്. ഒരു ഹിന്ദി ചാനലിനോട് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം.
ഇതേ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം ശക്തമായിരുന്നു. അധിര്‍ രഞ്ജന്‍ ചൗധരിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പരാമര്‍ശം രാഷ്ട്രപതിയെ മനപ്പൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമായിരുന്നെന്നും ബിജെപി ആരോപിച്ചു.

Tags