രാഹുല്‍, നിങ്ങള്‍ പ്രധാനമന്ത്രി ആകും'; അനുഗ്രഹിച്ച് കര്‍ണാടകയിലെ ലിംഗായത്ത് സന്യാസി
rahul
രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയേയും അച്ഛനേയും പരാമര്‍ശിച്ചായിരുന്നു അനുഗ്രഹം.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആശീര്‍വദിച്ച് ലിംഗായത്ത് മഠത്തിലെ സന്യാസി. കര്‍ണാടകയിലെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ചിത്രദുര്‍ഗയിലെ ശ്രീ മുരുഗരാജേന്ദ്ര മഠത്തിലെ ഹാവേരി ഹോസാമഠ് സ്വാമിയാണ് രാഹുലിനെ അനുഗ്രഹിച്ചത്.
രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയേയും അച്ഛനേയും പരാമര്‍ശിച്ചായിരുന്നു അനുഗ്രഹം. 'ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്നു, രാജീവ് ഗാന്ധിയും. തീര്‍ച്ചയായും രാഹുലും പ്രധാനമന്ത്രിയായിത്തീരും', സന്യാസി പറഞ്ഞു. അതിനിടെ സ്ഥാപന അധ്യക്ഷന്‍ ശ്രീ ശിവമൂര്‍ത്തി മുരുഗ ശരണരു ഇടപെട്ടു. 'അങ്ങനെ പറയാതിരിക്കൂ…ഇതല്ല അതിനുള്ള വേദി. ജനങ്ങളാണ് അക്കാര്യം നിശ്ചയിക്കുന്നത്', അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനം ലിംഗായത്തുകളാണ്. മുഖ്യമായും ബിജെപിയുടെ വോട്ടര്‍മാരായാണ് ലിംഗായത്ത് വിഭാഗത്തെ കണക്കാക്കുന്നത്. ലിംഗായത്ത് സമുദായത്തില്‍നിന്നുള്ള ബി.എസ്. യഡിയൂരപ്പയ്ക്ക് വലിയ പിന്തുണയാണ് ഇക്കാലങ്ങളില്‍ സമുദായം നല്‍കി പോന്നത്. എന്നാല്‍ നിലവിലെ കര്‍ണാടക ബിജെപിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും.

Share this story