രാജ്യം കാണുന്നത് ജനാധിപത്യത്തിൻറെ മരണം : രാഹുൽ ഗാന്ധി
rahul gandi

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ മരണമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിനെതിരായി സംസാരിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ്. സ്വേച്ഛാധിപതിയായ ഹിറ്റ്ലറും തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ടെന്നും ജര്‍മനിയിലെ എല്ലാ സംവിധാനങ്ങളും അയാളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിലക്കയറ്റത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

'നാസി നേതാവ് ഹിറ്റ്ലറും തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ വിജയിക്കണമെന്ന് ഹിറ്റ്ലര്‍ക്ക് അറിയാം. എങ്ങനെയാണ് ഹിറ്റ്ലര്‍ അതു ചെയ്തത്? ജര്‍മനിയിലെ എല്ലാ സംവിധാനങ്ങളും അയാളുടെ നിയന്ത്രണത്തിലായിരുന്നു. മുഴുവന്‍ സംവിധാനങ്ങളും എനിക്കു തരൂ... എങ്ങനെയാണ് തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതെന്നു ഞാന്‍ കാണിച്ചു തരാം', രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, സമൂഹത്തിലെ അക്രമങ്ങള്‍ എന്നിവ ചര്‍ച്ചയാകരുത് എന്നതാണ് സര്‍ക്കാരിന്റെ അജണ്ട. രാജ്യത്ത് ജനാധിപത്യം ഇല്ലാതായിരിക്കുന്നു. നാലോ അഞ്ചോ പേരുടെ സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നത്. ജനാധിപത്യത്തിന് വേണ്ടി പോരാടുന്നതിനാലും സമുദായ സൗഹാര്‍ദത്തിനു വേണ്ടിയും നിലകൊള്ളുന്നതുകൊണ്ടാണ് ഗാന്ധി കുടുംബം ആക്രമിക്കപ്പെടുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് ആശയങ്ങളെ എതിര്‍ക്കുക എന്നതാണ് തന്റെ കടമ. അതു കൂടുതല്‍ ചെയ്യുന്തോറും കൂടുതല്‍ ആക്രമിക്കപ്പെടുകയാണെന്നും നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട ഇ.ഡി കേസിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. ആക്രമിച്ചോളൂ, ഞാന്‍ അതില്‍ സന്തുഷ്ടനാണ്. സര്‍ക്കാര്‍ എത്ര വേണമെങ്കിലും ഭയപ്പെടുത്തിക്കൊട്ടെ, തന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു.

Share this story