കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധിയോട് വീണ്ടും ആവശ്യപ്പെടും : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്
ashok gehalot

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനാകാൻ രാഹുൽ ഗാന്ധിയോട് വീണ്ടും ആവശ്യപ്പെടുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അടുത്ത മാസം നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് ഗെഹ്ലോട്ടും നാമനിർദേശപത്രിക സമർപ്പിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് രാഹുലിനോട് അദ്ദേഹം വീണ്ടും അ‍ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അഭ്യർഥിക്കുമെന്ന് അറിയിച്ചത്.

കഴിഞ്ഞ 40 വർഷത്തിനിടെ പാർട്ടി ഒരുപാട് കാര്യങ്ങൾ തനിക്ക് തന്നു. അതുകൊണ്ടുതന്നെ ഒരു പദവിയും തനിക്ക് പ്രധാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിലുള്ള രാഹുൽ ഗാന്ധിയെ കാണാനായി വെള്ളിയാഴ്ച ഗെഹ്ലോട്ട് കൊച്ചിയിലെത്തുന്നുണ്ട്. പാർട്ടിയെ സേവിക്കുമെന്നും തനിക്ക് ലഭിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തുടനീളമുള്ള കോൺഗ്രസുകാർ എന്നിൽ വിശ്വാസവും സ്‌നേഹവും അർപ്പിക്കുന്നതിൽ ഞാൻ ഭാഗ്യവാനാണ്. അതുകൊണ്ട് എനിക്ക് വേണ്ടെന്ന് പറയാൻ കഴിയില്ല... അവർ എന്നോട് നാമനിർദേശ പത്രിക സമർപ്പിക്കാൻ പറഞ്ഞാൽ, ഞാൻ അത് ചെയ്യും. മുഖ്യമന്ത്രി എന്ന നിലയിൽ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുകയാണ്, അത് തുടരും' -ഗെഹ്ലോട്ട് ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹിയിലായാലും രാജസ്ഥാനിലായാലും കോൺഗ്രസിനെ സേവിക്കും. പാർട്ടിക്കായി എല്ലാം സമർപ്പിച്ചവനാണ് ഞാൻ. ഒരു പദവിയും എനിക്ക് പ്രധാനമല്ല. രാഹുൽ ഗാന്ധിയുടെ യാത്രയുടെ ഭാഗമാകും. ജനാധിപത്യം അപകടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Share this story